രാത്രി അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ പിടിച്ചെടുക്കുന്നത്.

തിരുവനന്തപുരം: ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യ ബന്ധനം നടത്തുന്നതിനായി ഉപകരണങ്ങൾ സൂക്ഷിച്ച വള്ളവും സാധന സാമഗ്രികകളും പിടിച്ചെടുത്തു. പൂന്തുറ സ്വദേശി ബേബി ജോൺ എന്നയാളുടെ ഉടമസ്‌ഥതയിലുള്ള വള്ളത്തിലായിരുന്നു സംവിധാനങ്ങളൊരുക്കിയിരുന്നത്.അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു മിന്നൽ പരിശോധന.

രാത്രി അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് ഇത്തരത്തിൽ പിടിച്ചെടുക്കുന്നത്. പിടികൂടിയ വള്ളത്തിന്‍റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.

വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്.രാജേഷിന്‍റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്‌സ്‌മെന്റ് സിവിൽ പൊലീസ് ഓഫീസർ വിനിൽ. വി,ലൈഫ് ഗാർഡുമാരായ പനിയടിമ.എം, ജമാലുദ്ദീൻ,കൃഷ്ണൻ,നസ്രത്ത്‌, ഡേവിഡ്‌സൺ അലിക്കണ്ണ്, എന്നിവരടങ്ങുന്ന സംഘമാണ് വള്ളം പിടികൂടിയത്. നേരത്തെയും സമാനമായ രീതിയിൽ മത്സ്യബന്ധനം നടത്തിയിരുന്ന വള്ളങ്ങൾ പിടികൂടി വിഴിഞ്ഞത്തെത്തിച്ച് നടപടി സ്വീകരിച്ചിരുന്നു.