Asianet News MalayalamAsianet News Malayalam

പൊലീസ് തടഞ്ഞ ബോട്ട് പരിശോധനയ്ക്കിടെ രക്ഷപ്പെടാൻ ശ്രമം; ബോട്ടുകൾക്കിടയിൽപ്പെട്ട് പൊലീസുകാരന്റെ കൈയ്ക്ക് പരിക്ക്

കൂടുതൽ പരിശോധനക്കായി മറൈൻ ആംബുലൻസിൽ നിന്ന്  ബോട്ടിനുള്ളിൽ കയറാൻ  ശ്രമിക്കുന്നതിനിടയിൽ രക്ഷപ്പെടാനായി ബോട്ട് മുന്നോട്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. 

fishing boat conducting illegal activities in the sea tried to escape when marine enforcement confronted them
Author
First Published Aug 29, 2024, 4:10 PM IST | Last Updated Aug 29, 2024, 4:10 PM IST

തിരുവനന്തപുരം : അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്നാട് ട്രോളർ ബോട്ടിനെ പൊലീസ് തടഞ്ഞ് പരിശോധിക്കാൻ ശ്രമിക്കവെ രക്ഷപ്പെടാൻ ശ്രമം. ഇതിനിടെ ബോട്ട് മറൈൻ ആംബുലൻസിൽ തട്ടിയുണ്ടായ അപകടത്തിൽ പോലീസുകാരന്റെ കൈ വിരലുകൾക്ക് ഗുരുതര പരിക്കേറ്റു. വലതു കൈയ്യിലെ രണ്ട് വിരലുകൾക്ക് സാരമായി പരിക്കേറ്റ മറൈൻ എൻഫോഴ്സ്മെന്റ് സി.പി.ഒ. റ്റിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അനധികൃത മീൻ പിടുത്തം നടക്കുന്നതറിഞ്ഞ്  പട്രോളിംഗ് നടത്തുന്നതനിടയിൽ, പൊലീസ് സംഘം  കണ്ട തമഴ്നാട് ബോട്ടിനെ തടഞ്ഞ് നിർത്തി രേഖകൾ ആവശ്യപ്പെട്ടു. മതിയായ രേഖകൾ ഇല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കൂടുതൽ പരിശോധനക്കായി മറൈൻ ആംബുലൻസിൽ നിന്ന്  ബോട്ടിനുള്ളിൽ കയറാൻ  സി.പി.ഒ റ്റിജു ശ്രമിക്കുന്നതിനിടയിൽ രക്ഷപ്പെടാനായി ബോട്ട് മുന്നോട്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ബോട്ട് ആംബുലൻസിൽ തട്ടി. രണ്ട് ബോട്ടുകൾക്കുമിടയിൽ കുടുങ്ങിയാണ് പോലീസുകാരൻറ വിരലുകൾക്ക് പരിക്കേറ്റത്. 

ഉദ്യോഗസ്ഥനെ ഉടൻ തന്നെ തീരദേശ പൊലീസിന്റെ പട്രോൾ ബോട്ടിൽ തുറമുഖത്ത് എത്തിച്ച് വിഴിഞ്ഞം സർക്കാർ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തടഞ്ഞുനിർത്തിയ ബോട്ടിൽ വിശദമായ പരിശോധന നടത്തി. 12 വോൾട്ടിന്റെ ലൈറ്റ് മാത്രം ഉപയോഗിക്കാൻ അനുമതിയുള്ള ബോട്ടിൽ നിന്ന്  70 വോൾട്ടിന്റെ മൂന്നും 50 വോൾട്ടിന്റെ രണ്ടും ലൈറ്റുകളും കൂറ്റൻ ജനറേറ്ററും കണ്ടെടുത്തു. 

അനധികൃത ലൈറ്റ് ഫിഷിംഗ് നടത്തുന്ന ബോട്ടാണെന്ന് മനസിലാക്കിയ അധികൃതർ ബോട്ട് കസ്റ്റഡിയിൽ എടുത്ത് വിഴിഞ്ഞത്ത് എത്തിച്ചു. തീരത്തിനടുത്ത് നിന്ന് മത്സ്യബന്ധനം നടത്തിയ  കൊല്ലം സ്വദേശി ലീലാകൃഷ്ണൻ്റെ  ട്രോളർ ബോട്ടും പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ റ്റിജു വിനെ കൂടാതെ മറൈൻ എൻ ഫോഴ്സ്മെന്റ് സി.പി . ഒ .അനന്തു, ലൈഫ് ഗാർഡുമാരായ  റോബർട്ട് റോബിൻസൺ, മനോഹരൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios