അമ്പലപ്പുഴയ്ക്ക് സമീപം കടലിൽ അപകടത്തിൽപ്പെട്ട മെസ്സി എന്ന മത്സ്യബന്ധന വള്ളത്തെയും അതിലെ എട്ട് തൊഴിലാളികളെയും രക്ഷപ്പെടുത്തി. വള്ളം മുങ്ങിത്തുടങ്ങിയപ്പോൾ റെസ്ക്യൂ ബോട്ടെത്തി തൊഴിലാളികളെ രക്ഷിക്കുകയും വള്ളം കെട്ടിവലിച്ച് തോട്ടപ്പള്ളി ഹാർബറിൽ എത്തിക്കുകയുമായിരുന്നു.
അമ്പലപ്പുഴ: കടലിൽ മുങ്ങി അപകടത്തിൽപ്പെട്ട മത്സ്യബന്ധന വള്ളത്തെയും എട്ട് തൊഴിലാളികളെയും രക്ഷപ്പെടുത്തി. തിരുവനന്തപുരം പൊഴിയൂർ സ്വദേശി വിൻസെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള മെസ്സി എന്ന വള്ളമാണ് അമ്പലപ്പുഴ പടിഞ്ഞാറ് കടലിൽ 42 മീറ്റർ ആഴം വരുന്ന ഭാഗത്ത് അപകടത്തിൽപ്പെട്ടത്. വള്ളത്തിൻ്റെ ഒരു ഭാഗം പൊട്ടി വെള്ളം കയറിത്തുടങ്ങിയെന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് തോട്ടപ്പള്ളി ഫിഷറീസ് വകുപ്പിൻ്റെ റസ്ക്യൂ ബോട്ട് കായംകുളം ഹാർബറിൽ നിന്ന് പുറപ്പെട്ടു.
ഇതിനിടെ അപകടത്തിൽപ്പെട്ട വള്ളം ഒഴുകി വണ്ടാനം പടിഞ്ഞാറെ ഭാഗത്തു കടലിൽ മുങ്ങികൊണ്ടിരിക്കുന്നത് കണ്ടതിനെ തുടർന്ന് ഫിഷറീസ് ബോട്ട് ഈ വള്ളത്തിലെ 8 മത്സ്യത്തൊഴിലാളികളെ റെസ്ക്യൂ ബോട്ടിൽ കയറ്റി. വള്ളം കെട്ടി വലിച്ചു തോട്ടപ്പള്ളി ഹാർബറിൽ എത്തിക്കുകയും ചെയ്തു. ഫിഷറീസ് ലൈഫ് ഗാർഡുമാരായ ജയൻ, രാഹുൽ, ജോസഫ്, റെസ്ക്യൂ ബോട്ടിലെ സ്രാങ്ക്, ഡ്രൈവർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഫിഷറീസ് എ ഡി എഫ് എസ് മനോജ്, എ എഫ് ഇ ഒ എസ് സാജൻ, മറൈൻ എൻഫോസ്‌മെന്‍റ് എസ് ഐ അരുൺ, ഗാർഡുമാരായ രാഹുൽ കൃഷ്ണൻ, അരുൺ എന്നിവർ രക്ഷപ്രവർത്തനം ഏകോപിപ്പിച്ചു. മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾ നിയമപരമായി ആവശ്യമുള്ള ലൈഫ് ജാക്കറ്റ് നിർബന്ധമായും വള്ളത്തിൽ കരുതിയിരിക്കണം എന്ന നിർദേശം ഫിഷറീസ് വകുപ്പ് അധികൃതർ നൽകിയിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്ത ബോട്ടുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
