കഴിമ്പ്രം പടിഞ്ഞാറ് തീരക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന വള്ളങ്ങളെയാണ് ശനിയാഴ്ച രാവിലെ പിടിച്ചത്. രണ്ടു വള്ളങ്ങളില്‍ നിന്നും വലകള്‍ വിരിച്ച് (പെയര്‍ ട്രോളിങ്) കരവലി നടത്തുകയായിരുന്നു തൊഴിലാളികള്‍.
തൃശൂര്‍: ട്രോളിങ് നിരോധനം 'കടലില്‍' കലക്കി ചെറുവള്ളങ്ങള്‍. മണ്‍സൂണ്‍കാലത്തെ കേരളത്തിലെ ട്രോളിങ് നിരോധനമാണ് ഒരു വിഭാഗം വള്ളക്കാര്‍ ലംഘിക്കുന്നത്. പരമ്പരാഗത വള്ളക്കാരെന്ന വ്യാജേനയാണ് ഇത്തരം വള്ളങ്ങള്‍ കടലില്‍ പോകുന്നത്. തീരക്കടലില്‍ പോത്തന്‍വലയുമായാണ് ഇത്തരം ചെറുവള്ളക്കാരുടെ മീന്‍പിടിത്തം. തൃശൂര്‍ ജില്ലയിലെ തീരമേഖലയില്‍ വള്ളങ്ങള്‍ കടലില്‍ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ കടലില്‍ പരിശോധന ശക്തമാക്കി. അഴീക്കോട് ഫീഷറീസ് സ്റ്റേഷന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നീവരുടെ സംയുക്ത പട്രോളിങ്ങില്‍ രണ്ട് വള്ളങ്ങള്‍ ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. കഴിമ്പ്രം രാജീവന്‍ എന്നയാളുടെ രണ്ട് വള്ളങ്ങളാണ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.
കഴിമ്പ്രം പടിഞ്ഞാറ് തീരക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന വള്ളങ്ങളെയാണ് ശനിയാഴ്ച രാവിലെ പിടിച്ചത്. രണ്ടു വള്ളങ്ങളില്‍ നിന്നും വലകള്‍ വിരിച്ച് (പെയര്‍ ട്രോളിങ്) കരവലി നടത്തുകയായിരുന്നു തൊഴിലാളികള്‍. ഫിഷറീസിന്റെ ബോട്ട് കണ്ടയുടന്‍ വള്ളങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് ഓടിച്ചുകയറ്റി. കടലില്‍ ഫിഷറീസ് ബോട്ട് സഞ്ചരിക്കുന്നതിന് സമാന്തരമായി കരയിലൂടെ നീങ്ങിയിരുന്ന അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ ജീപ്പിലെത്തിയ ഉദ്യോഗസ്ഥര്‍ നാടകീയമായി കരവലി വള്ളങ്ങളെ പിടികൂടുകയായിരുന്നു. വള്ളങ്ങളുടെ ഉടമയ്‌ക്കെതിരേ ഫിഷറീസ് വകുപ്പ് പിഴ ചുമത്തും.
അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖ എം.എന്‍, നാട്ടിക എഫ്.ഇ.ഒ. അശ്വിന്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ പ്രശാന്ത്കുമാര്‍, ഷൈബു, ഷിനില്‍കുമാര്‍, കോസ്റ്റല്‍ പോലീസ് എസ്.ഐ. അജയ്, സി.പി.ഒ. ഷെഫീക്ക്, സീ റെസ്‌ക്യു ഗാര്‍ഡ് ഷിഹാബ്, ഡ്രൈവര്‍ അഷറഫ് എന്നിവരടങ്ങിയ സംഘമാണ് ഓപ്പറേഷന് നേതൃത്വം നല്‍കിയത്. ആറ്റുപുറം, കമ്പനിക്കടവ്, പാലപ്പെട്ടി, കഴിമ്പ്രം, വലപ്പാട് എന്നീ തീരമേഖലകളില്‍ അനധികൃത മത്സ്യബന്ധനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫിഷറീസ് വിഭാഗം പുലര്‍ച്ചെ മുതല്‍ കടലില്‍ ശക്തമായ പരിശോധന നടത്തി വരികയായിരുന്നു. കരവലി, രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം, ഡബിള്‍ നെറ്റ് ( പോത്തന്‍ വലകള്‍) മത്സ്യബന്ധനത്തിനുപയോഗിക്കല്‍ തുടങ്ങിയവ നിരോധിച്ചിട്ടുണ്ടെന്നും നിരോധനം ലംഘിക്കുന്ന വള്ളങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. അനിത അറിയിച്ചു.
Read More : സ്കൂട്ടർ റോഡിലേക്ക് തെറിച്ച് വീണു, യുവാവിന്‍റെ വയർ മുറിഞ്ഞ് ചോരയൊഴുകി; സഡൻ ബ്രേക്കിട്ട് ആംബുലൻസ്, രക്ഷകരായി
