Asianet News MalayalamAsianet News Malayalam

നിരോധിത പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം: ബോട്ട് പിടിച്ചെടുത്തു, 2.5 ലക്ഷം രൂപ പിഴയുമീടാക്കി

പിടിച്ചെടുത്ത ബോട്ടിനിനെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 പ്രകാരം കേസെടുത്ത് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Fishing with banned pelagic nets: Boat seized, fined Rs 2.5 lakh
Author
First Published Aug 20, 2024, 2:46 PM IST | Last Updated Aug 20, 2024, 2:46 PM IST

തൃശൂര്‍: നിരോധിത പെലാജിക് വല ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പൊലീസ് സംഘം പിടിച്ചെടുത്തു. അഴീക്കോട് ലൈറ്റ് ഹൗസിനു വടക്ക്-പടിഞ്ഞാറു 10 നോട്ടിക്കല്‍ ഭാഗത്ത് കേരള സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം നിരോധിച്ച പെലാജിക് വലകള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനം നടത്തവെയാണ് പ്രത്യേക സംയുക്ത പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

എറണാകുളം ജില്ലയില്‍ പള്ളിപ്പുറം സ്വദേശി പുത്തന്‍പുരയ്ക്കല്‍ ഡിക്‌സണിന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്‌സ് എന്ന ബോട്ടാണ് അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. പെലാജിക് ട്രോളിങ്ങ് കടലിന്റെ മുകള്‍ ഭാഗംമുതല്‍ അടിത്തട്ട്‌വരെ കിലോ മീറ്റര്‍ കണക്കിന് നീളമുള്ള വല ഉപയോഗിച്ചുള്ള മത്സ്യബന്ധന രീതീയാണ്. ഇത് മത്സ്യസമ്പത്ത് കുറയാനിടയാക്കും. തീരെ ചെറിയ മീന്‍ കുഞ്ഞുങ്ങള്‍ വരെ വളരെ നീളമുള്ള കോഡ് എന്‍ഡ് ഉള്ള വലയില്‍ കുരുങ്ങുകയും മത്സ്യ സമ്പത്ത് നശിക്കുകയും കടലിന്റെ ആവാസവ്യവസ്ഥ തന്നെ തകരുകയും ഇതിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യലഭ്യത കുറയും. 

പിടിച്ചെടുത്ത ബോട്ടിനിനെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം 1980 പ്രകാരം കേസെടുത്ത് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കി പിഴയിനത്തില്‍ 2.5 ലക്ഷം രൂപ ബോട്ട് ഉടമയ്ക്ക് പിഴ ചുമത്തി. ബോട്ടിലെ മത്സ്യം ലേലം ചെയ്ത വകയില്‍ ലഭിച്ച 50225/ രൂപ ട്രഷറിയില്‍ ഒടുക്കി.

സംയുക്ത പരിശോധന സംഘത്തില്‍ ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോള്‍, കോസ്റ്റല്‍ പോലീസ് സി.ഐ. അനൂപ് എന്‍, എഫ്.ഇ.ഒ. സുമിത, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ്ങ് ഉദ്യോഗസ്ഥരായ പ്രശാന്ത് കുമാര്‍ , ഷൈബു, ഷിനില്‍കുമാര്‍ കോസ്റ്റല്‍ പോലീസ് എസ്.ഐ. ബിജു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്‌ക്യൂ ഗാര്‍ഡ്മാരായ ഹുസൈന്‍, വിജീഷ്, പ്രമോദ്,പ്രസാദ്, അന്‍സാര്‍, സ്രാങ്ക് ദേവസി മുനമ്പം, എന്‍ജിന്‍ ഡ്രൈവര്‍ റോക്കി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

വരും ദിവസങ്ങളില്‍ പകലും രാത്രിയും പരിശോധനകള്‍ ശക്തമായി തുടരുമെന്നും പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം തടയുന്നതിനായി ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പേലീസും യോജിച്ച് കടലില്‍ നിരന്തരം പട്രോളിങ്ങും ഉണ്ടാകുമെന്ന് തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധ കുമാരി അറിയിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios