വിനോദയാത്ര സംഘത്തിലെ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവം; ഒളിവിലായിരുന്ന 5 പ്രതികൾ പിടിയിൽ
ബസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിനികളോട് ബൈക്കിൽ എത്തിയ സംഘം മോശമായി പെരുമാറി. ഇവരെ സഹപാഠികൾ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചത്.

പാലക്കാട്: പാലക്കാട് ആറങ്ങോട്ടുകരയിൽ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം നടത്തിയ 5 പേർ പിടിയിൽ. പ്രതികൾ അക്രമസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു. കുറ്റിപ്പുറം കെഎംസിടി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ വൈകീട്ട് 6.30 യ്ക്ക് നെല്ലിയാമ്പതിയിൽ നിന്നും വിനോദയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്നു കുറ്റിപ്പുറം കെഎംസിറ്റി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ. ആറങ്ങോട്ടുകാരയിൽ അധ്യാപകനെ ഇറക്കാനായി ബസ് നിർത്തി. ഈ സമയത്ത് ബസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിനികളോട് ബൈക്കിൽ എത്തിയ സംഘം മോശമായി പെരുമാറി. ഇവരെ സഹപാഠികൾ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചത്.
വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് സംഭവസ്ഥലത്ത് നിന്ന് മുങ്ങിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പുലർച്ചെ 3 മണിക്കാണ് പ്രതികളെ ഒളിയിടത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. പ്രദേശവാസികളായ ജുനൈദ്, രാഹുൽ, ജാബിർ എന്നിവരാണ് അക്രമത്തിൽ നേരിട്ട് പങ്കെടുത്തത്. ജുബൈർ, അബു എന്നിവർ പ്രതികളെ രക്ഷപ്പെടാനും ഒളിയിടം ഒരുക്കാനും സഹായിച്ചു. നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
കോളേജ് വിനോദയാത്രാ സംഘത്തിലെ വിദ്യാര്‍ത്ഥിനികളെ അസഭ്യം പറഞ്ഞു; ചോദ്യം ചെയ്തപ്പോള്‍ ക്രൂര മര്‍ദനം