Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, മുംബൈയില്‍ നിന്ന് എത്തിയവര്‍ക്കും രോഗം

കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരും കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

five covid 19 positive case today in malappuram
Author
Malappuram, First Published May 21, 2020, 6:08 PM IST

മലപ്പുറം: മലപ്പുറം ജില്ലയിൽ അഞ്ച് പേർക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി 24 വയസുകാരി, ക്വലാലംപൂരിൽ നിന്നെത്തിയ കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി 21 കാരൻ, കുവൈത്തിൽ നിന്നെത്തിയ രണ്ടത്താണി ചിറ്റാനി സ്വദേശി 59 കാരൻ, മുംബൈയിൽ നിന്ന് ഒരുമിച്ചെത്തിയ തെന്നല വെസ്റ്റ് ബസാർ സ്വദേശി 50 കാരൻ, തെന്നല തറയിൽ സ്വദേശി 45 കാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ അഞ്ച് പേരും കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം. എൻ.എം. മെഹറലി അറിയിച്ചു. 

മെയ് 16ന് അബുദബിയിൽ നിന്ന് കരിപ്പൂരെത്തിയ ഐ.എക്സ് - 348 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൂട്ടിലങ്ങാടി സ്വദേശിനി തിരിച്ചെത്തിയത്. മെയ് 17 മുതൽ വള്ളിക്കാപ്പറ്റയിലെ വീട്ടിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മെയ് 18 ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. കണ്ണമംഗലം എടക്കാപ്പറമ്പ് സ്വദേശി മെയ് 10ന് ക്വലാലംപൂരിൽ നിന്ന് ഐ.എക്സ് - 683 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചിയിലെത്തി. എടപ്പാളിലെ കോവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നതിനിടെ രോഗ ലക്ഷണങ്ങളെ തുടർന്ന് മെയ് 20ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

രണ്ടത്താണി ചിറ്റാനി സ്വദേശി 59 കാരൻ കുവൈത്തിൽ നിന്ന് ഐ.എക്സ് - 394 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മെയ് 13ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. എടപ്പാളിലെ കോവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മെയ് 18ന് ഇയാളുടെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. വ്യാഴാഴ്ച മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. തെന്നല വെസ്റ്റ് ബസാർ സ്വദേശിയും തെന്നല തറയിൽ സ്വദേശിയും മുംബൈയിൽ നിന്ന് സർക്കാർ അനുമതിയോടെ മെയ് 14 ന് സ്വകാര്യ വാഹനത്തിൽ സ്വന്തം വീടുകളിലെത്തി ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മെയ് 18 നാണ് ഇരുവരുടേയും സാമ്പിളെടുത്ത് പരിശോധനക്കയച്ചത്. വ്യാഴാഴ്ച മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios