വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പത്ത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് വീടുകള്‍ ഒലിച്ചുപോയി. മണ്ണ് നീക്കി രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. കനത്ത മഴ നിലയ്ക്കാതെ പെയ്യുന്നതിനാല്‍ ഉരുള്‍പൊട്ടിയിടത്ത് മണ്ണൊലിപ്പ് തുടരുകയാണ്. 

തൃശൂര്‍ : വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പത്ത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് വീടുകള്‍ ഒലിച്ചുപോയി. മണ്ണ് നീക്കി രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്. കനത്ത മഴ നിലയ്ക്കാതെ പെയ്യുന്നതിനാല്‍ ഉരുള്‍പൊട്ടിയിടത്ത് മണ്ണൊലിപ്പ് തുടരുകയാണ്. 

ഷൊര്‍ണ്ണൂര്‍-തൃശൂര്‍ സംസ്ഥാന പാതയിലേക്കാണ് ഉരുള്‍പൊട്ടിയിറങ്ങിയത്. വെയിറ്റിങ് ഷെഡ്ഡിലുണ്ടായിരുന്ന പത്തിലേറെ പേര്‍ ബസില്‍ കയറി പോയതിന് പിന്നാലെയാണ് ഇവിടേക്ക് കൂറ്റന്‍ മരങ്ങളടക്കം മണ്ണിനൊപ്പം കുത്തിയൊലിച്ചിറങ്ങിയത്. തകര്‍ന്നടിഞ്ഞ ഒരു വീട്ടില്‍ വിരുന്നുവരടക്കം നിരവധി പേരുണ്ടെന്ന് നാട്ടുകാര്‍ സൂചന നല്‍കുന്നു. 

ബന്ധുക്കളുമായി മൊബൈലില്‍ സംസാരിച്ചുനിന്നവരുള്‍പ്പടെ പൊടുന്നനെ മണ്ണിനടിയിലായതായാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇനിയും പതിനഞ്ചോളം മണ്ണിനടിയിലുണ്ടെന്നാണ് സൂചന. ഒറ്റദിവസം കൊണ്ട് മണ്ണ് നീക്കാന്‍ പറ്റാത്ത വിധത്തിലാണ് ഇവിടം. തകര്‍ന്ന വീടിന്‍റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ മണ്ണിനടിയിലുണ്ടെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പതുക്കെയാണ് നടത്തുന്നത്.

മണ്ണൊലിപ്പ് തുടരുന്നതും രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സ്ഥലം എംഎല്‍എ അനില്‍ അക്കരയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്.