Asianet News MalayalamAsianet News Malayalam

മുത്തങ്ങ ചെക്ക്പോസ്റ്റിൽ കൈക്കൂലി ആരോപണം: അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‍പെന്‍ഷന്‍

കർണാടകയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന ഒരു കിലോ സ്വർണ്ണം രേഖകളില്ലാത്തതിന്‍റെ പേരിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. 

Five excise officials have been suspended following allegations of bribery at the muthanga check post
Author
First Published Dec 26, 2022, 11:30 PM IST

വയനാട്: മുത്തങ്ങ ചെക്ക്പോസ്റ്റിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തു. രേഖകളില്ലാതെ പിടികൂടിയ സ്വർണ്ണം വിട്ടുകൊടുക്കാൻ 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. 10 ദിവസം മുൻപാണ് സംഭവം. കർണാടകയിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന ഒരു കിലോ സ്വർണ്ണം രേഖകളില്ലാത്തതിന്‍റെ പേരിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിന്നീട് സ്വർണ്ണം വിട്ടുനൽകാൻ യാത്രക്കാരനോട് 2 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആരോപണം. 

എക്‌സൈസ് ഇൻസ്‌പെക്ടർ പി എ ജോസഫ്, പ്രിവന്‍റീവ് ഓഫീസർമാരായ ചന്തു, ജോണി, മറ്റ് രണ്ട് സിവിൽ എക്‌സൈസ് ഓഫീസർമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍റ് ചെയ്തത്. ആരോപണം ഉയർന്ന ഉടൻ തന്നെ ഇവരെ വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടർന്ന് എക്‌സൈസ് ഇന്‍റലിജന്‍സ് അന്വേഷണം നടത്തി. ഉന്നത ഉദ്യോഗസ്ഥർക്ക് പലരിൽ നിന്നായി പരാതികൾ ലഭിച്ചിരുന്നു.  പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മീഷ്ണറാണ് നടപടിയെടുത്തത്. നടപടി നേരിട്ട ഉദ്യോഗസ്ഥർ കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. തെളിവുകളില്ലാതെ ഏകപക്ഷീയമായി നടപടി സ്വീകരിച്ചെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി. ഇതിന് മുൻപും മുത്തങ്ങ ചെക്ക്പോസ്റ്റില്‍ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ ഹവാല പണം പിടിച്ചെടുത്തതിന് ഒരു വർഷം മുൻപ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തിരുന്നു.  

Follow Us:
Download App:
  • android
  • ios