നെടുമങ്ങാടിന് സമീപം ആനാട് വെച്ച് കെഎസ്ആർടിസി ബസും ഹോണ്ട സിറ്റി കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം കാറും ബസും കൂട്ടിയിടിച്ച് അപകടം. ആനാട്, നാഗച്ചേരിയിലാണ് കെഎസ്ആർടിസി ബസും ഹോണ്ട സിറ്റി കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കാർ യാത്രികരായ പാലോട് എക്സ് സർവീസ് കോളനി സ്വദേശികളായ പ്രദീപ് കുമാർ (65), സുരേഷ് (74), സുരേഷിന്‍റെ ഭാര്യ സുജാത (65), സുജാതയുടെ സഹോദരി സുനിത (58) കെഎസ്ആർടിസി ബസ് യാത്രക്കാരി ആറ്റിങ്ങൽ മേലേ കടയ്ക്കാവൂർ സ്വദേശി തനിമ (20) എന്നിവരെ പരിക്കേറ്റതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. പാലോട് ഭാഗത്തേക്ക് പോയ കാർ വിതുരയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുരേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. കാർ നിയന്ത്രണം വിട്ട് ബസിന്‍റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്തേക്ക് ഇടിയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാറിന്‍റെ മുൻവശം തകർന്നു. കാർ ഓടിച്ചിരുന്ന പ്രദീപ് കുമാറിന്‍റെ വാരിയെല്ലിന് പൊട്ടൽ ഉണ്ടായി. നെടുമങ്ങാട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.