ബെംഗളൂരുവിൽ നിന്നും വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് കൊല്ലത്ത് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്.
കൊല്ലം: കൊല്ലത്ത് വൻ മയക്കുമരുന്ന് വേട്ട. ഓച്ചിറയിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 61.5 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശികളായ ബിജിൻ ബിജു(25 വയസ്), മുഹമ്മദ് ഷാൻ(22 വയസ്), ആദർശ്(23 വയസ്), ഹേമന്ത് സാഗർ (21), ഹരികൃഷ്ണൻ(20) എന്നിവരാണ് പിടിയിലായത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു.
ബെംഗളൂരുവിൽ നിന്നും വൻതോതിൽ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് കൊല്ലത്ത് വിൽപ്പന നടത്തുന്ന സംഘമാണ് പിടിയിലായത്. എക്‌സൈസ് സൈബർ സെല്ലിന്റെ സഹായത്താലാണ് പ്രതികളെ പിടികൂടിയത്. വാഹന പരിശോധനക്കിടെ പ്രതികളെത്തിയ വാഹനം തടഞ്ഞ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഏറെ നാളായി ഇവർ നിരീക്ഷണത്തിലായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്‍റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷിജു.എസ്.എസ് ന്റെ നേതൃത്വത്തിലാണ് പ്രതികളെ പൊക്കിയത്. എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.സി.പി, പ്രവന്‍റീവ് ഓഫീസർ പ്രസാദ് കുമാർ.ജെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എം.ആർ, അജിത്ത്.ബി.എസ്, ജോജോ.ജെ, ജൂലിയൻ ക്രൂസ്, ബാലു.എസ്.സുന്ദർ, അഭിരാം.എച്ച്, അരുൺ ലാൽ.വി.ഐ, തൻസീർ അസീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എസ്.കെ എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.


