പൊലീസ് ജീപ്പ് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി, പരിശോധിച്ചപ്പോൾ കണ്ടത് ആയുധങ്ങളും കഞ്ചാവും; യുവാക്കൾ അറസ്റ്റിൽ
ഇക്കഴിഞ്ഞ അഞ്ചാം തീയ്യതി നടന്ന സംഭവത്തിന് ശേഷം മൂന്ന് യുവാക്കളെയും പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് പിടിയിലാവുന്നത്.
ആലപ്പുഴ: ആലപ്പുഴ റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്ന് കഞ്ചാവ് വിൽപന സംഘം അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് മണപ്പള്ളി ലക്ഷംവീട്ടിൽ സുൽഫിക്കർ (19), ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് കാളികാട്ടുപറമ്പ് വീട്ടിൽ ആകാശ് (19), മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് കമ്പിയകത്ത് വീട്ടിൽ അദ്വൈത് (20) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്.
കഴിഞ്ഞ അഞ്ചാം തീയതി വൈകുന്നേരം അഞ്ച് മണിയോടെ മണ്ണഞ്ചേരി നേതാജി ജംഗ്ഷന് കിഴക്ക് ഭാഗത്ത് ഇവർ കഞ്ചാവ് വിൽപ്പനക്കെത്തിയിരുന്നതായി പൊലീസ് പറയുന്നു. അന്ന് മാരകായുധങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തുകയും ചെയ്തു. എന്നാൽ പോലീസ് ജീപ്പ് വരുന്നത് കണ്ട് കഞ്ചാവും ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ച് ഇവർ അന്ന് കടന്നുകളയുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിവന്ന അന്വേഷണത്തിലാണ് പ്രതികളെ ഇന്ന് പിടികൂടാൻ സാധിച്ചത്. നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മണ്ണഞ്ചേരി പോലീസ് ഇൻസ്പെക്ടർ എം കെ രാജേഷും സീനിയർ സിവിൽ പോലീസ് ഓഫീസർ ഉല്ലാസും ആലപ്പുഴ റെയിൽവേ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം