കൊച്ചി: ലോക്ക്ഡൗണിൽ പൊതുപരിപാടികളും ആഘോഷങ്ങളുമൊക്കെ ഇല്ലാതായതോടെ കഷ്ടപ്പാടിലായ ഒരു വിഭാഗമാണ് ഫ്ലക്സ് നിർമ്മാതാക്കാൾ. ആഴ്ചയിൽ ഒരു ദിവസം കട തുറക്കാൻ അനുമതി നൽകിയെങ്കിലും പ്രിന്റിംഗ് ആവശ്യങ്ങൾക്കായി ആരും സമീപിക്കുന്നില്ലെന്ന് ഇവർ പറയുന്നു. 

പിവിസി ഫ്ലക്സുകൾ നിരോധിച്ചതോടെ ബിസിനസ് ഒട്ടുമുക്കാലും നഷ്ടമായി. ഫ്ലക്സ് അടിക്കാനെത്തുന്നവരുടെ എണ്ണവും കുറഞ്ഞു. ഫ്ലക്സിനായി പുനരുപയോഗിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ നിർമ്മാണ ചെലവും കൂടി. അങ്ങനെ പ്രതിസന്ധിയിൽ മുങ്ങിത്താഴുമ്പോഴാണ് ഇരുട്ടടിയായി ലോക്ക്ഡൗണും എത്തിയത്.

ചെറുകിട സ്ഥാപനങ്ങൾ നടത്തുന്നവർക്ക് ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ലോക്ക്ഡൗൺ മാറിയാലും പൊതുപരിപാടികളും ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ പഴയ പകിട്ടിലേക്കെത്തിയാലേ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ആശ്വസിക്കാൻ വകയുണ്ടാകൂ. ലക്ഷങ്ങളുടെ വായ്പയെടുത്ത് വാങ്ങിയ യന്ത്രങ്ങൾ കേടായി പോകാതിരിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമത്തിലാണ് ഇവർ ഇപ്പോൾ.