ദുരന്തം പെയ്തിറങ്ങുന്ന ഓഗസ്റ്റ് മാസത്തെ ഓര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ തീയാണ്. 2018 ലും 2019 ലും ഓഗസ്റ്റിലുണ്ടായ കെടുതികള്‍ മൂന്നാറിന്റെ ഹൃദയത്തിലേല്‍പ്പിച്ച മുറിവ് അത്രയേറെ വലുതായിരുന്നു. 

മൂന്നര്‍: ഓരോ പ്രളയവും പ്രക്യതി ദുരന്തങ്ങളും ഇല്ലാതാക്കുന്നത് മൂന്നാറിന്റെ നിരവധി ചരിത്രങ്ങളാണ്. 2018 ലുണ്ടായ മഹാപ്രളയത്തില്‍ തൂക്കുപാലങ്ങള്‍ ഓര്‍മ്മയായെങ്കില്‍ ഇത്തവണ ഇല്ലാതായത് പെട്ടിമുടിയെന്ന പ്രക്യതിയുടെ മനോഹര ദ്യശ്യമാണ്. ബ്രീട്ടീഷ് കാലഘട്ടം മുതല്‍ മൂന്നാറിനുമാത്രം അവകാശപ്പെടാവുന്ന രണ്ട് പാലങ്ങള്‍ രണ്ടുവര്‍ഷം പിന്നിടുംമ്പോഴും പുനര്‍നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല. 

ദുരന്തം പെയ്തിറങ്ങുന്ന ഓഗസ്റ്റ് മാസത്തെ ഓര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസില്‍ തീയാണ്. 2018 ലും 2019 ലും ഓഗസ്റ്റിലുണ്ടായ കെടുതികള്‍ മൂന്നാറിന്റെ ഹൃദയത്തിലേല്‍പ്പിച്ച മുറിവ് അത്രയേറെ വലുതായിരുന്നു. തുടര്‍ച്ചയായി കഴിഞ്ഞ രണ്ടുവര്‍ഷവും ഓഗസ്റ്റിലുണ്ടായ പ്രളയങ്ങള്‍ ചരിത്രം ഇന്നുവരെ കാണാത്ത വിധത്തിലുള്ളതായിരുന്നു. അതിന്റെ ആവര്‍ത്തനമെന്നോണമാണ് കഴിഞ്ഞയാഴ്ച പെട്ടിമുടിയിലുണ്ടായ അപകടവും. 

2018 ഓഗസ്റ്റ് 14 ാം തീയതി തുടങ്ങിയ പേമാരിയായിരുന്നു മൂന്നാറിനെ വെള്ളത്തില്‍ മുക്കിയത്. നല്ലതണ്ണിയിലും ദേവികുളത്തും നിരവധി ജീവനുകള്‍ പൊലിഞ്ഞു. നിറഞ്ഞു കവിഞ്ഞ മാട്ടുപ്പെട്ടി ഡാം തുറന്നതോടെ പഴയമൂന്നാര്‍ വെള്ളത്തിലായി. നിരവധി വീടുകളിലാണ് വെള്ളം കയറിയത്. പഴയമൂന്നാറിലെ വര്‍ക് ഷോപ്പ്, മൂലക്കട എന്നിവിടങ്ങളിലുള്ള നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മുതരിപ്പുഴയാര്‍ കരകവിഞ്ഞതോടെ മൂന്നാര്‍ ടൗണിലടക്കമുള്ള നിരവധി കടകളില്‍ വെള്ളം കയറി ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ചു. 

റോഡുകളും പാലങ്ങളും തകര്‍ന്നടിഞ്ഞു. മൂന്നാര്‍ - ഉടുമല്‍പ്പേട്ട അന്തര്‍സംസ്ഥാന പാതയുടെ ഗതാഗതത്തിന് മുഖ്യപങ്കുവഹിക്കുന്ന പെരിയവര പാലം തകര്‍ന്നടിഞ്ഞു. ചരിത്ര പ്രസിദ്ധവും കാലത്തിന് കൗതുകം സൃഷ്ടിച്ച് നിലകൊണ്ടിരുന്ന വര്‍ക് ഷോപ്പ് ക്ലബിനു സമീപമുള്ള തൂക്കുപാലവും ഹൈറേഞ്ച് ക്ലബിനു സമീപമുള്ള പാലവുമെല്ലാം ഓര്‍മ്മയായി മാറി. ഇന്നും ഈ പാലങ്ങള്‍ ചരിത്രത്തിന്റെ അവശേഷിപ്പെന്നോണം തുരുമ്പെടുത്ത് അവശിഷ്ടങ്ങളുമായി നിലനില്‍ക്കുന്നു. 

ഇതെല്ലാം പുനരുദ്ധരിക്കുമെന്ന ഉദ്യോഗസ്ഥരുടെ വാഗ്ദാനങ്ങളും പ്രളയത്തില്‍ വെള്ളത്തില്‍ ഒലിച്ചു പോയ മട്ടാണ്. 2020 ലെ മറ്റൊരു ഓഗസ്റ്റ് കൂടി എത്തുമ്പോള്‍ തോട്ടം മേഖലയിലെ ഏറ്റവും പ്രമുഖമായി മൂന്നാര്‍ പട്ടണം ആശങ്കകളില്‍ നിന്ന് പൂര്‍ണ്ണമായി മോചിതമായിട്ടില്ല. പഴയ മൂന്നാര്‍ ഇപ്പോഴും വെള്ളപ്പൊക്കഭീഷണി നേരിടുന്നു. അതിശക്തമായി മഴ പെയ്തില്ലെങ്കില്‍ കൂടി കരകവിയുന്ന മുതിരപ്പുഴയും ആശങ്കയുണര്‍ത്തുന്നു. 2018 ലെ മഹാപ്രളയത്തിന്റെ ബാക്കിയെന്നോണം വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മലയോര മേഖലയും ഹൈറേഞ്ചും ഓഗസ്റ്റിനെ നേരിടുന്നത് ആശങ്കയോടെ തന്നെയാണ്.