ആലപ്പുഴ: കുട്ടനാട്ടില്‍ ജലനിരപ്പില്‍ മാറ്റമില്ല. എസി റോഡ് ഉള്‍പ്പെടെയുള്ള പ്രധാനറോഡുകളില്‍ വെള്ളം കയറി. താലൂക്കില്‍ മൂന്ന് ദുരിതശ്വാസ  ക്യാമ്പുകളും  160 ഭക്ഷണ വിതരണ കേന്ദ്രങ്ങളും തുടങ്ങി. തലവടി വില്ലേജിലെ രണ്ട് ക്യാമ്പുകളിലായി 58 കുടുംബങ്ങളെയും പുളിങ്കുന്ന് വില്ലേജില്‍ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ 28 കുടുംബങ്ങളെയും  മാറ്റി പാര്‍പ്പിച്ചു.

പുളിങ്കുന്നില്‍ 104ഉം മുട്ടാറ്റില്‍ 32 ഉം കൈനകരി നോര്‍ത്തില്‍ മൂന്നും കൈനകരി സൗത്തില്‍ 20 ഉം കുന്നുമ്മയില്‍ ഒന്നും വീതം ഭക്ഷണ വിതരണ കേന്ദ്രങ്ങളാണ് ഇതുവരെ ആരംഭിച്ചിട്ടുളളത്. കാവാലം, പുളിങ്കുന്ന്, വൈശ്യംഭാഗം ജങ്കാര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ സുഗമമായി വാഹനങ്ങള്‍ കയറ്റിയിറക്കാന്‍ ബുദ്ധിമുട്ടു നേരിട്ടതോടെയാണു സര്‍വീസ് നിര്‍ത്തിയത്.

ശക്തമായ കാറ്റിൽ മരങ്ങള്‍ കടപുഴകി വീണ് താലൂക്കില്‍ 115 വീടുകള്‍ ഭാഗികമായും 5 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. തലവടിയില്‍ 3, കാവാലം, തകഴി പഞ്ചായത്തുകളില്‍ ഓരോ വീടുമാണു പൂര്‍ണമായി തകര്‍ന്നത്. തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡ് ചക്കുളത്ത് പറമ്പില്‍ പൊന്നമ്മ സുരേന്ദ്രനെ വീട് ഇന്നലെ വൈകിട്ട് മൂന്ന് മണിയോട് കൂടി ഇടിഞ്ഞുവീണു.

എസി റോഡിൽ ഇന്ന് ഉച്ചയോടെ ഗതാഗതം നിർത്തിവെച്ചത് യാത്രക്കാരെ  വലച്ചു. പിന്നീട് ശക്തമായ സമ്മർദ്ദത്തെ തുടർന്ന് വൈകുന്നേരത്തോടെ ബസ് സർവ്വീസ് പുനരാരംഭിച്ചു. എസി റോഡിൽ ഒന്നാങ്കര, പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, കിടങ്ങറ, പൂവം എന്നിവിടങ്ങളിൽ ശക്തമായ രീതിയിൽ വെള്ളം കയറിയതിനെ തുടർന്നാണ് ബസ് സർവ്വീസ് നിർത്തിവെച്ചത്. ഇന്ന് ജലനിരപ്പ് വീണ്ടും ഉയരുകയാണങ്കിൽ ബസ് സർവ്വീസ് പൂർണ്ണമായും നിർത്തിവെയ്ക്കുമെന്നാണ് കെ.എസ്.ആർ.ടി. സി അധികൃതർ അറിയിച്ചത്.

പ്രധാന റോഡുകളും ഇടറോഡുകളും വെള്ളത്തില്‍ മുങ്ങി തുടങ്ങി. നീരേറ്റുപുറം, മുട്ടാര്‍, കിടങ്ങറ, എടത്വ, തായങ്കരി, കൊടുപ്പുന്ന എന്നീ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മുട്ടാര്‍ കിടങ്ങറ റൂട്ടില്‍ കുമരംചിറപ്പള്ളി, തായങ്കരി കൊടുപ്പുന്ന റോഡില്‍ പഴുതി ഭാഗത്തുമാണ് റോഡില്‍ വെള്ളം കയറിയിട്ടുള്ളത്. മുട്ടാര്‍ കിടങ്ങറ റൂട്ടില്‍ ഗതാഗതം നിലച്ചു. മുട്ടാര്‍, നീരേറ്റുപുറം, കുന്നുമാടി കുതിരച്ചാല്‍ പുതുവല്‍ കോളനി, ചക്കുളം, തലവടി തെക്ക്, മണലേല്‍, പൂന്തുരുത്തി എന്നീ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി കയറിയിട്ടുള്ളത്. പുതുവല്‍ കോളനി പ്രദേശം വെളളത്തിൽ മുങ്ങി.

കെഎസ്ആര്‍ടിസി ആലപ്പുഴയില്‍ നിന്ന് പുളിങ്കുന്നിലേക്കുള്ള സര്‍വ്വീസുകളും , എടത്വയില്‍ നിന്നും കളങ്ങര , മുട്ടാര്‍ വഴിയുള്ള സര്‍വ്വീസ്സുകളും  എടത്വ  വീയപുരം  ഹരിപ്പാട് റൂട്ടിലെ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു.