കല്‍പ്പറ്റ: പ്രളയം കവര്‍ന്ന വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ കേരളം ഒന്നിച്ചപ്പോള്‍ ജില്ലയിലേക്ക് എത്തിയത് ലോഡ്കണക്കിന് സാധനങ്ങള്‍. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ മൂന്നു താലൂക്കുകളിലായി സജ്ജീകരിച്ച കളക്ഷന്‍ സെന്ററുകളില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം എത്തിയത് 128 ടണ്‍ അരി. 

ഇതില്‍ 105 ടണ്‍ അരി മൂന്നു താലൂക്കുകളിലും ഉള്ള ദുരിതബാധിതര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. പത്ത് ടണ്ണിലധികം പഞ്ചസാരയും 5793 കിലോഗ്രാം റവയും സുമനസ്സുകള്‍ ദുരിതബാധിതര്‍ക്കായി വിവിധ ജില്ലകളില്‍ നിന്നുമായി  എത്തിച്ചു. ഇതര ഭക്ഷ്യ വസ്തുക്കള്‍ കിലോഗ്രാമില്‍: ജാഗിരി  523, അവില്‍ 2114, അരിപ്പൊടി 1014, ഗോതമ്പ് പൊടി 5176.5, മൈദ 237, പരിപ്പ് 2900.5, ചെറുപയര്‍ 5034.5, ഉഴുന്ന് 2517, ഗ്രീന്‍പീസ് 375, വന്‍പയര്‍ 3275. 

1064 പെട്ടി ആവശ്യ മരുന്നുകളും ജില്ലയിലേക്കെത്തി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി എത്തിയ പുസ്തകങ്ങളുടെ ഇപ്രകാരമാണ്. (എണ്ണത്തില്‍)  18649, പേന 4092, പെന്‍സില്‍ 2907, ബാഗ് 1003, വാട്ടര്‍ബോട്ടില്‍ 322, കുട 347, ഇന്‍സ്ട്രുമെന്റ് ബോക്‌സ് 525 എന്നിവയും വ്യക്തികളും സംഘടനകളുമടക്കം ലഭ്യമാക്കി. വീട്ടുപകരണങ്ങള്‍, പച്ചക്കറികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കും വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍സ്, ക്ലീനിങ് സാധനങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങിയവയെല്ലാം ജില്ലയിലേക്കെത്തി. 

ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും വിതരണം ചെയ്ത അവശ്യവസ്തുക്കളില്‍ ബാക്കി വന്നവ വിതരണത്തിനായി വിവിധ കളക്ഷന്‍ സെന്ററുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസ്, മാനന്തവാടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് കളക്ഷന്‍ സെന്ററുകളുളളത്. ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും കളക്ഷന്‍ സെന്ററുകളില്‍ സാധനങ്ങള്‍ ശേഖരിക്കാനും തരംതിരിച്ച് ക്യാമ്പുകളില്‍ എത്തിക്കാനും രാപ്പകല്‍ ജോലിയിലാണ്.