കോഴിക്കോട് എകരൂലിലെ പള്ളിത്താഴെ തോട്ടിൽ വീണ്ടും ശുചിമുറി മാലിന്യം തള്ളിയതായി പരാതി. രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായതോടെ ജലസ്രോതസ്സുകൾ മലിനമാവുകയും ദുർഗന്ധം രൂക്ഷമാവുകയും ചെയ്യുന്നു. സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ. 

കോഴിക്കോട്: ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍ ടൗണില്‍ സംസ്ഥാന പാതയോട് ചേര്‍ന്നു കിടക്കുന്ന പള്ളിത്താഴെ ഭാഗത്ത് തോട്ടിലേക്ക് വീണ്ടും ശുചിമുറി മാലിന്യം തള്ളിയതായി പരാതി. ഈ പ്രദേശത്ത് പലയിടങ്ങളിലായി രാത്രികളില്‍ ശുചിമുറി മാലിന്യവും രാസവിഷമാലിന്യവും തള്ളുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ജലസ്രോതസുകള്‍ മലിനമാകുന്നതും ദുര്‍ഗന്ധവും കൊതുക്, ഈച്ച തുടങ്ങിയവയുടെ ശല്യവും പതിവായിരിക്കുകയാണെന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു.

ആഴ്ചകള്‍ക്ക് മുന്‍പ് ഇതിന്റെ തൊട്ടടുത്ത സ്ഥലത്ത് വന്‍തോതില്‍ രാസ വിഷ മാലിന്യം തള്ളിയിരുന്നു. തുടര്‍ന്ന് നൂറു കണക്കിന് മത്സ്യങ്ങളും മറ്റു ജലജീവികളും ചത്തുപൊങ്ങിയിരുന്നു. രാത്രികളില്‍ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ശേഖരിക്കുന്ന ശുചിമുറി മാലിന്യമാണ് തള്ളുന്നതെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറകൾ സ്ഥാപിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു.