നിലമ്പൂർ: മലപ്പുറം നിലമ്പൂരിലെ പ്രളയബാധിതപ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികൾ മുഴുവൻ പുഴുവരിച്ച് നശിച്ച സംഭവത്തിൽ തൊടുന്യായവുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം. സാധനങ്ങൾ കൊണ്ടുവന്ന് ഇറക്കിയപ്പോൾ സ്ഥലത്ത് നല്ല മഴയായിരുന്നു. സാധനങ്ങൾ പലതും മഴ കൊണ്ട് നനഞ്ഞുപോയി. അങ്ങനെ ഭക്ഷ്യവസ്തുക്കൾ പലതും നശിച്ചുവെന്നാണ് കോൺഗ്രസിന്‍റെ നിലമ്പൂർ മുൻസിപ്പൽ കമ്മിറ്റിയുടെ ന്യായീകരണം. 

എന്നാൽ വാഷിംഗ് പൗഡറടക്കമുള്ള ശുചീകരണവസ്തുക്കളും, പാക്കറ്റിലുള്ള ഭക്ഷ്യവസ്തുക്കളും ഇതിലുണ്ടായിരുന്നു. അതൊന്നും വിതരണം ചെയ്യാഞ്ഞതെന്ത് എന്നതിന് ഇവർക്ക് മറുപടിയുമില്ല. ഭക്ഷ്യവസ്തുക്കൾ മഴ നനഞ്ഞെങ്കിൽ അപ്പോൾത്തന്നെ ആവശ്യക്കാർക്ക് കൊടുക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിനും മറുപടിയില്ല. സംഭവിച്ചതെന്തെന്ന് പരിശോധിച്ച് വരികയാണെന്നാണ് ഡിസിസിയുടെ പ്രതികരണം. 

''എന്താണ് സംഭവിച്ചതെന്നതിൽ പ്രാദേശികസമിതിയോട് വിശദീകരണം തേടിയിട്ടുണ്ട്. നിലമ്പൂർ മുൻസിപ്പ‌ൽ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാൽ അക്കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കും'', എന്നാണ് ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ് വ്യക്തമാക്കിയത്. 

ആദിവാസി, ഗോത്രമേഖലയിൽ നിന്നുള്ള വളരെ പാവപ്പെട്ടവരടക്കം പ്രളയത്തിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ട മേഖലകളിലേക്ക് അയക്കാനുള്ള സാധനസാമഗ്രികളാണ് പൂർണമായും നശിച്ചത്. 

ആയിരക്കണക്കിന് രൂപയുടെ സാമഗ്രികൾ പൂർണമായും ഉപയോഗശൂന്യമായ സ്ഥിതിയാണ്. ഒന്നരക്കൊല്ലമായി ഇതിവിടെ കെട്ടിക്കിടക്കുകയാണ് എന്നതുകൊണ്ടുതന്നെ, പാക്കറ്റിലാക്കിയ സാധനങ്ങൾ പോലും ഇനി ഉപയോഗിക്കാവുന്ന സ്ഥിതിയിലല്ല. ആകെ എത്ര രൂപയുടെ സാധനങ്ങൾ നശിച്ചുവെന്ന് പോലും കൃത്യമായി കോൺഗ്രസ് നേതാക്കൾക്ക് അറിയില്ല.  
അതേസമയം, സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. സ്ഥലം എംഎൽഎ പി വി അൻവറിന്‍റെ നേതൃത്വത്തിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. ചൊവ്വാഴ്ച ഈ സാമഗ്രികൾ സൂക്ഷിച്ചിരുന്ന കടമുറി വാടകയ്ക്ക് കിട്ടുമോ എന്നറിയാൻ ഒരു സംഘമാളുകൾ എത്തിയിരുന്നു. അതിനായി അടച്ചിട്ട കടമുറികൾ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇത്രയധികം വസ്തുക്കൾ നശിച്ചുകിടക്കുന്നത് കണ്ടത്. ഭക്ഷ്യവസ്തുക്കൾ പോലും പുഴുവരിച്ച നിലയിൽ ദുർഗന്ധം വമിക്കുന്ന രീതിയിലായിരുന്നു കിടന്നിരുന്നത്. 

സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നിന്ന് എത്തിച്ച പ്രളയദുരിതാശ്വാസസാമഗ്രികൾ പോലും ഇവിടെ തടഞ്ഞുനിർത്തി ഇറക്കിവയ്പിച്ചുവെന്ന ആരോപണവും സിപിഎം പ്രവർത്തകർ ഉന്നയിക്കുന്നു. അത് വിതരണം ചെയ്യാതെ കൂട്ടിവച്ചതിലൂടെ സ്ഥലത്തെ കോൺഗ്രസ് പ്രാദേശികനേതൃത്വം കാണിച്ചത് ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മയാണ്.

ഇന്നലെ രാത്രി വിവരമറിഞ്ഞെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഗോഡൗൺ മറ്റൊരു താഴിട്ട് പൂട്ടിയിരുന്നു. പ്രതിഷേധവുമായി പ്രവർത്തകർ രാത്രി നിലമ്പൂർ - ഗൂഡല്ലൂർ റോഡ് ഉപരോധിക്കുകയും ചെയ്തു.