ആലപ്പുഴ: മഹാപ്രളയത്തിന്റെ വാര്‍ഷികമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ചെങ്ങന്നൂര്‍  മേഖലയെ ഭീതിയിലാക്കി കനത്ത മഴ. കലിതുള്ളി പെയ്യുന്ന മഴയ്‌ക്കൊപ്പം വീശിയടിക്കുന്ന കാറ്റില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാട്ടുകാര്‍. പ്രളയഘാതം പൂര്‍ണമായി വിട്ടുമാറുമുമ്പേ മറ്റൊരു വെള്ളപ്പൊക്കം കൂടിയെത്തിയാല്‍ താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.

തുടര്‍ച്ചയായി ഉണ്ടാകുന്ന കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ നശിച്ചു. ബുധനൂര്‍, മാന്നാര്‍ എന്നീ പഞ്ചായത്തുകളിലാണ് വീടുകള്‍ നിലം പൊത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ച ഉണ്ടായ കാറ്റില്‍ എണ്ണയ്ക്കാട് 11ാം വാര്‍ഡില്‍ മത്സ്യതൊഴിലാളിയായ മണ്ണുംമുക്കത്ത് ജോര്‍ജു കുട്ടി (47) യുടെ വീടിന്റെ പുറത്ത് വന്‍ മരം കടപുഴകി വീണ് വീട് പൂര്‍ണമായി നശിച്ചു. കുടുംബത്തിലെ ഗൃഹനാഥനുള്‍പ്പെടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. 

വീടിനു സമീപത്തുനിന്ന വട്ട മരമാണ് വീടിന്റെ പുറത്തേക്ക് വീണത്. ശബ്ദം കേട്ടുണര്‍ന്ന ജോര്‍ജുകുട്ടിയും, ഭാര്യ ലതികമ്മയും മക്കളായ അജോമോനും, ഷാലോ മോളും വെളിയിലേക്ക് ഓടിയതിനാല്‍ അപകടം ഒഴിവായി. മരം വീണ് വീടിന്റെ ഭിത്തി തകര്‍ന്നു. കൂടാതെ ഷീറ്റ്, കട്ടകള്‍, കതകുകള്‍, വീട്ടുഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, വൈദ്യുത ഉപകരണങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിച്ചു. 

നാല് സെന്റ് വസ്തുവില്‍ നിര്‍മിച്ച വീട് തകര്‍ന്നതോടെ എങ്ങോട്ടുപോകണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഈകുടുംബം. ബുധനൂര്‍ മൂന്നാം വാര്‍ഡില്‍ താഴാന്ത്ര കോളനിയിലെ ശോഭന (53) യുടെ വീട് മരം വീണ് തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ കാറ്റിലാണ് മരം വീടിന്റെ പുറത്തേക്ക് വീണത്. വീടിന്റെ ഷീറ്റും ഓടുകളും പൊട്ടി തകര്‍ന്നു. കട്ടില്‍, കസേര ഉള്‍പ്പെടെയുള്ള വീട്ടുഉപകരണങ്ങള്‍ നശിച്ചു. വീടിന്റെ സമീപത്തുനിന്ന തണല്‍ മരമാണ് കടപുഴകി വീടിന്റെ പുറത്തേക്ക് വീണത്.