Asianet News MalayalamAsianet News Malayalam

പ്രളയത്തിൽ വീട്ടുമുറ്റം ഇടിഞ്ഞുതാണു; ഒരുവർഷമായി ദുരിതാശ്വാസ ക്യാമ്പിൽ, സർക്കാർ സഹായം തേടി യുവതി

പ്രളയത്തിൽ വീട്ടുമുറ്റം ഇടിഞ്ഞുതാഴ്ന്നതോടെ കഴി‍ഞ്ഞ ഒരുവർഷമായി ദീഷ്മയും കുടുംബവും പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.     

flood victim in Kozhikode  sought government help
Author
Kozhikode, First Published Jul 22, 2019, 1:35 PM IST

കോഴിക്കോട്: കഴിഞ്ഞവർഷം കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിൽപ്പെട്ട ഒരുപാട് ആളുകൾ ഇന്നും ദുരിതക്കയത്തിൽനിന്നും കരകയറിയിട്ടില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് കോഴിക്കോട് ഒളവണ്ണം സ്വദേശി ദീക്ഷ്മയുടെ ദുരിതജീവിതം. പ്രളയത്തിൽ വീട്ടുമുറ്റം ഇടിഞ്ഞുതാഴ്ന്നതോടെ കഴി‍ഞ്ഞ ഒരുവർഷമായി ദീഷ്മയും കുടുംബവും പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.

ഒളവണ്ണയില്‍ പഞ്ചായത്ത് തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പിലാണ് ദീഷ്മയും കുടുംബവും ഇപ്പോൾ കഴിയുന്നത്. പ്രളയത്തിനു ശേഷം ദീക്ഷ്മ താമസിക്കുന്ന മൂന്നാമത്തെ ക്യാമ്പാണിത്. കഴിഞ്ഞ കർക്കിടകപ്പെയ്ത്തിൽ വീട്ടുമുറ്റം ഇടിഞ്ഞ് താഴ്ന്നതോടെ വിവിധ ക്യാമ്പുകളിൽ മാറിമാറി കഴിയുന്നതിൽ വലിയ ബുദ്ധിമുട്ടാണ് ഈ കുടുംബം അനുഭവിക്കുന്നത്.

വീടിന് കാര്യമായ തകരാറൊന്നും സംഭവിച്ചിട്ടില്ലെങ്കിലും വീട്ടുമുറ്റം ഇല്ലാതായതോടെ വീട്ടില്‍ കയറാനാകാത്ത സ്ഥിതിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സർക്കാർ ഓഫീസുകൾക്ക് അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും ഒരു സഹായവും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ദീക്ഷ്മ പറയുന്നു. വീണ്ടും മഴക്കാലമെത്തിയതോടെ വീടിന് വിള്ളൽ വീണു തുടങ്ങിട്ടുണ്ട്. ഇനിയും സഹായമെത്താൻ വൈകിയാൽ മണ്ണിടിഞ്ഞ് വീട് പൂർണ്ണമായും നഷ്ടമാകുമെന്ന ഭീതിയിലാണ് തങ്ങളെന്നും ദീക്ഷ്മ പറഞ്ഞു.

അതേസമയം, ദുരിതാശ്വാസത്തിന് അർഹരായവരുടെ പട്ടികയിൽ ഈ കുടുംബവും ഉൾപ്പെട്ടിട്ടുണ്ടെന്നും സഹായം ഉടൻ എത്തുമെന്നും ഒളവണ്ണ വില്ലേജ് ഓഫീസർ പുരുഷോത്തമൻ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios