Asianet News MalayalamAsianet News Malayalam

പ്രളയദുരന്തം : പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് സ്വരൂപിക്കാന്‍ പ്രത്യേക ലോട്ടറി

കേരളത്തെ നടുക്കിയ പ്രളയത്തില്‍ നിന്ന് കരകയറാനും പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അധിക വിഭവ സമാഹരണത്തിനുളള നടപടികളുടെ ഭാഗമായി സംസ്ഥാന ജി.എസ്.ടി. തുകയ്ക്ക് മേല്‍ 10 ശതമാനം സെസ് ചുമത്താന്‍ അനുവദിക്കണമെന്ന് ജി.എസ്.ടി. കൗണ്‍സിലിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. 

floods Special Lottery to Fund for Reconstruction
Author
Thiruvananthapuram, First Published Aug 22, 2018, 7:41 AM IST

തിരുവനന്തപുരം: കേരളത്തെ നടുക്കിയ പ്രളയത്തില്‍ നിന്ന് കരകയറാനും പുനര്‍നിര്‍മ്മാണത്തിനും പണം സമാഹരിക്കുന്നതിന് പ്രത്യേക ലോട്ടറി ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അധിക വിഭവ സമാഹരണത്തിനുളള നടപടികളുടെ ഭാഗമായി സംസ്ഥാന ജി.എസ്.ടി. തുകയ്ക്ക് മേല്‍ 10 ശതമാനം സെസ് ചുമത്താന്‍ അനുവദിക്കണമെന്ന് ജി.എസ്.ടി. കൗണ്‍സിലിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു. 

ഇതരസംസ്ഥാനങ്ങളും സന്നദ്ധസംഘടനകളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളള ഫണ്ടിന് പുറമെ നല്‍കുന്ന സാധനസാമഗ്രികള്‍ വ്യക്തമായ വ്യവസ്ഥയോടെ സ്വീകരിക്കാനും അവ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനും തീരുമാനിച്ചു. തികയാത്ത സാധനങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കും. 

രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ പൊതുചടങ്ങില്‍ ആദരിക്കുമ്പോള്‍ അവര്‍ക്ക് എസ്.ഡി.എം.എയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ആര്‍മി, നേവി, എയര്‍ഫോഴ്സ്, കോസ്റ്റ് ഗാര്‍ഡ്, എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് എന്നിവയിലെ അംഗങ്ങളെ പൊതുചടങ്ങില്‍ ആദരിക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് എസ്.ഡി.എം.എയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. 

പ്രളയദുരിതം കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ തോട്ടം തൊഴിലാളികള്‍ക്കും 15 കിലോ വീതം സൗജന്യ റേഷന്‍ അനുവദിക്കാന്‍ തീരുമാനിച്ചു. പാലക്കാട് നെന്മാറ അളവുശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ട അഖിലയുടെ (24 വയസ്സ്) ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഏഴു ലക്ഷം രൂപ അനുവദിക്കും തീരുമാനിച്ചു. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞുവരുന്ന ഡോ. എ. ജയതിലകിനെ കായിക-യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കും. 

Follow Us:
Download App:
  • android
  • ios