പുതുവത്സരം ആഘോഷിക്കാൻ വാഗമണിലെത്തുന്ന സഞ്ചാരികൾക്ക് ഇത്തവണ പുഷ്പ മേളയും ആസ്വദിക്കാം. കേരളാ വനം വികസന കോർപ്പറേഷനാണ് വാഗമൺ ഹിൽസ് ഗാഡൻ പരിസ്ഥിതി സൗഹൃദ പുഷ്പ മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഇടുക്കി: പുതുവത്സരം ആഘോഷിക്കാൻ വാഗമണിലെത്തുന്ന സഞ്ചാരികൾക്ക് ഇത്തവണ പുഷ്പ മേളയും ആസ്വദിക്കാം. കേരളാ വനം വികസന കോർപ്പറേഷനാണ് വാഗമൺ ഹിൽസ് ഗാഡൻ പരിസ്ഥിതി സൗഹൃദ പുഷ്പ മേള സംഘടിപ്പിച്ചിരിക്കുന്നത്.
സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമാണ് വാഗമണിലെ ഈ പുഷ്പമേള. കെഎഫ്ഡിസിയുടെ കൈവശമുള്ള സ്ഥലത്തെ പ്രകൃതി സൗന്ദര്യം അതേപടി നിലനിർത്തിയാണ് പൂച്ചെടികൾ ക്രമീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് ഇനങ്ങളിലുള്ള ചെടികൾ ഇതിലുണ്ട്. വിവിധ തരത്തലുള്ള കള്ളിമുൾച്ചെടികൾ, വള്ളിച്ചെടികൾ, ഓർക്കിഡ്, ആന്തൂറിയം, ജലസസ്യങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടെ ചെണ്ടുമല്ലിയും റോസും വിരിഞ്ഞു നിൽക്കുന്ന പാടവും.
ഡിസംബറിലെ കുളിരു തേടി വാഗമണിലെത്തുന്ന സഞ്ചാരികൾക്ക് പുതിയ അനുഭവമാണ് പുഷ്പ മേള. പുഷ്പമേളയ്ക്ക് പുറമേ മൊട്ടക്കുന്നുകൾക്കിടയിലുള്ള തടാകത്തിലെ ബോട്ടിങ്ങും കുട്ടികൾക്കായി കളിസ്ഥലവും വാഗമണിന്റെ ഭംഗി ഉയരത്തിൽ നിന്ന് ആസ്വദിക്കാൻ പരമ്പരാഗത രീതിയിൽ പണിത വാച്ച് ടവറുമുണ്ട്. ഇഷ്ടപ്പെട്ട ചെടികളും മറ്റു സാധനങ്ങളും വാങ്ങാനുള്ള സൗകര്യവുമുണ്ട്.
ജനുവരി 7 വരെ രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടര വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. പുഷ്പമേള വിജയിച്ചാൽ വേനലവധിക്കാലത്ത് കൂടുതൽ പരിപാടികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് കെഎഫ്ഡിസി.

