ഇരുവഴിഞ്ഞി പുഴയിലേക്കും മറ്റ് കുടിവെള്ള പദ്ധതികളുടെ ഭാഗമായ ജലസ്രോതസ്സുകളിലേക്കും ഈ ഡ്രൈനേജിലൂടെ ഒഴുകിയെത്തുന്ന വെള്ളം ആണ് ഉപയോഗിക്കുന്നത്
കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിലേക്കുള്‍പ്പെടെ മഴ വെള്ളം ഒഴുകിയെത്തുന്ന ഡ്രൈനേജിലേക്ക് കക്കൂസ് മാലിന്യം തള്ളി. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടത്ത് കറുത്തപറമ്പിലെ റോഡരികിലുള്ള ഡ്രൈനേജിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയത്. ഇന്ന് പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. ഇതിന്റെ സി സി ടി വി ദൃശ്യം നാട്ടുകാര്‍ പറത്തുവിട്ടു. ടാങ്കറില്‍ എത്തിച്ച് കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇരുവഴിഞ്ഞി പുഴയിലേക്കും മറ്റ് കുടിവെള്ള പദ്ധതികളുടെ ഭാഗമായ ജലസ്രോതസ്സുകളിലേക്കും ഈ ഡ്രൈനേജിലൂടെ ഒഴുകിയെത്തുന്ന വെള്ളം ആണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ സമാന രീതിയില്‍ വലിയ ടാങ്കര്‍ ലോറിയില്‍ എത്തിച്ച് കക്കൂസ് മാലിന്യം തള്ളുന്നത് നാട്ടുകാര്‍ പിടികൂടുകയും സംഘത്തെ മുക്കം പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. കാരശ്ശേരി പഞ്ചായത്ത് ഇവര്‍ക്ക് 50,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഡ്രൈനേജ് സ്ലാബിട്ട് മൂടണമെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതിനിടെ കുന്നംകുളത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മാലിന്യം വലിച്ചെറിഞ്ഞ യുവാവിന്‍റെ വീട്ടിലെത്തി മാലിന്യം തിരികെ നൽകിയെന്നതാണ്. കുന്നംകുളം നഗരസഭയാണ് പട്ടാമ്പി മെയിന്‍ റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐ ടി ഐ. ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടെത്തിച്ചത്. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മാലിന്യം തിരികെ വീട്ടിലെത്തിച്ച് നല്‍കിയതിനൊപ്പം യുവാവിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ കുന്നംകുളം നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദിനാണ് റോഡരികില്‍നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിച്ചത്. ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. ഷീബ, പി.പി. വിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണ ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് പാക്ക് ചെയ്ത് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മാലിന്യത്തില്‍നിന്ന് ലഭിച്ച മേല്‍വിലാസം ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മാലിന്യം നിക്ഷേപിച്ച വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടു. കൊറിയര്‍ ഉണ്ടന്ന് പറഞ്ഞാണ് നഗരസഭ ആരോഗ്യ വിഭാഗം വ്യക്തിയെ ബന്ധപ്പെട്ടത്. ശേഷം വീട്ടിൽ എത്തിക്കുകയായിരുന്നു.
