കൊച്ചി: കൊച്ചിയിൽ ഇന്നും പഴകിയ മീൻ പിടികൂടി. മുനമ്പം, ചമ്പക്കര മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നായി 1200 കിലോയോളം മീനാണ് പിടികൂടിയത്.  ഈസ്റ്റർ പ്രമാണിച്ച് വൻ തോതിൽ പഴകിയ മീൻ വിൽപ്പനക്ക് എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് വ്യാപക പരിശോധന തുടങ്ങിയത്. 

ഓപ്പറേഷൻ സാഗർ റാണി എന്ന പേരിൽ ഫിഷറീസ് വകുപ്പിൻറെ കൂടി സഹകരണത്തോടെയായിരുന്നു പരിശോധന. കൊച്ചിയിലെ ചന്പക്കര മാർക്കറ്റിൽ കടക്കുള്ളിൽ വിൽപ്പനക്ക് വച്ചിരുന്ന അൻപതു കിലോ മീനാണ് പിടികൂടിയത്. കടയുടമക്ക് എതിരെ നിയമ നടപടി സ്വകീരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പറഞ്ഞു. 

മറ്റു ചില കടകളിലും പരിശോധന നടത്തിയെങ്കിലും പഴകിയ മീനുണ്ടായിരുന്നില്ല. മുനന്പത്ത് സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന രണ്ടു വാഹനങ്ങളിൽ നിന്നാണ് 1125 കിലോ പഴകിയ മീൻ പിടിച്ചെടുത്തത്. ലോക്ക് ഔട്ടിനു മുന്പ് പിടികൂടിയ മീൻ ഉണക്കുന്നതിനായി കൈമാറിയതാണെന്നാണ് ഉടമ സുധീഷ് അധികൃതരോട് പറഞ്ഞത്. 

ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ പരിശോധന യൂണിറ്റിൽ പരിശോധിച്ച് ശേഷം കേടായ മീൻ ആരോഗ്യ വകുപ്പിൻറെ മേൽനോട്ടത്തിൽ കുഴിച്ചു മൂടി. കൂടുതൽ വിശദമായ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിലെ വൈപ്പിനിൽ നിന്നും നാലായിരം കിലോയിലധികം പഴകിയ മീൻ പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും.