ഷവർമ കഴിച്ച് ഒരുകുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃക്കരിപ്പൂര്‍ സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. പയ്യന്നൂരില്‍ നിന്ന് വാങ്ങിയ ഷവര്‍മ്മയാണ് മാടക്കാലിലെ പാലക്കീല്‍ സുകുമാരനും കുടുംബത്തിനെയും ഗുരുതരാവസ്ഥയിലെത്തിച്ചത്.

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കടയില്‍ നിന്ന് വാങ്ങിയ ഷവര്‍മ്മയും കുബ്ബൂസും കഴിച്ചതോടെ കടുത്ത ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ട വീട്ടുകാര്‍ ചികിത്സ തേടുകയായിരുന്നു. 

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അസ്വസ്ഥതയ്ക്ക് കാരണം ഭക്ഷ്യവിഷബാധയേറ്റതാണെന്ന് വ്യക്തമായതോടെയാണ് സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡ്രീം ഡെസേര്‍ട്ട് എന്ന ഭക്ഷണശാല പൂട്ടിച്ച ആരോഗ്യവിഭാഗം പതിനായിരം രൂപ പിഴയീടാക്കാനും നോട്ടീസ് നല്‍കുകയും ചെയ്തു.

താത്കാലികമായി നഗരസഭാ പരിധിയില്‍ ഷവര്‍മ വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഷവര്‍മ വില്‍ക്കുന്ന മിക്കയിടങ്ങളിലും പഴയ മാംസവും വൃത്തിഹീനമായ അന്തരീക്ഷവും കണ്ടെത്തിയതോടെയാണ് നടപടി.