300 ലധികം വീടുകളില്‍ കുടിവെള്ളം കിട്ടാതായിട്ട് 40 ദിവസമായി. ഇതോടെയാണ് രാത്രി വൈകിയും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആറ്റിപ്ര വാര്‍ഡില്‍ കുടിവെള്ളം മുടങ്ങിയിട്ട് നാളേറെയായി. നിരന്തരമായ പൈപ്പ് പൊട്ടലാണ് വെള്ളം കിട്ടാക്കനിയാകാന്‍ കാരണം. വേനൽ കടുത്തതിനൊപ്പം വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ വെള്ളമില്ലാതെ വന്നതോടെ പ്രത്യക്ഷ സമരവുമായി നാട്ടുകാര്‍ രംഗത്തെത്തി.

ആറ്റിപ്ര വാര്‍ഡിലെ 300 ലധികം വീടുകളില്‍ കുടിവെള്ളം കിട്ടാതായിട്ട് 40 ദിവസമായി. പൈപ്പ് പൊട്ടലിന് ശേഷമാണ് ജലവിതരണം പൂർണമായി മുടങ്ങിയത്. പൊട്ടിയ പൈപ്പ് അടച്ചിട്ടും ജല വിതരണം ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പരിൽ നാട്ടുകാർ അറിയിച്ചിട്ടും പരിഹാരവും ഉണ്ടായില്ല.

"ഒരു മാസം ഹോട്ടലിലിൽ നിന്ന് കഴിച്ചു. കഴുത്തിൽ കിടന്നതും കാതിൽ കിടന്നതും പണയം വെച്ചാണ് കഴിച്ചത്. 40 ദിവസമായിട്ടും വെള്ളമില്ല. പിന്നെ ഞങ്ങളെന്തുചെയ്യും? കൌണ്‍സിലർ പോലും ഞങ്ങളിവിടെ ഇരിക്കുന്നതെന്തിനാ എന്ന് ഇത്ര നേരമായിട്ടും ചോദിച്ചിട്ടില്ല. ഞങ്ങള്‍ വെള്ളം വന്നിട്ടേ ഇവിടെ നിന്ന് പോവൂ"- പ്രദേശവാസികള്‍ പറഞ്ഞു. 

വേനൽ കടുത്തതോടെ കുടിക്കാനും പ്രാഥമിക ആവശ്യങ്ങൾക്കുമായി വെള്ളം കിട്ടാതെ നട്ടംതിരിയുകയാണ് നാട്ടുകാർ. ഇതോടെയാണ് രാത്രി വൈകിയും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. അതേസമയം കുടിവെള്ളത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതിന് പരിഹാരമാവുന്നത് വരെ സമരം തുടരാന്‍ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.

YouTube video player