ഇരുമ്പകം എന്ന പ്രദേശത്തെ റോഡരികിലെ പൊന്തക്കാട്ടില്‍ കയറിയ പന്നിക്കുട്ടിയെ രാമചന്ദ്രന്‍ സമീപത്തുണ്ടായിരുന്ന വടിയെടുത്ത് തുടരെ അടിച്ച് കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കോഴിക്കോട്: ഒരു വര്‍ഷം മുന്‍പ് കാട്ടുപന്നിയുടെ കുഞ്ഞിനെ അടിച്ചുകൊല്ലുന്ന പഞ്ചായത്ത് അംഗത്തിന്റെ വീഡിയോ പുറത്തായി. പിന്നാലെ എട്ടിന്‍റെ പണി കിട്ടി. കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡായ തമ്പലമണ്ണയിലെ മെംബര്‍ കരിമ്പില്‍ രാമചന്ദ്രന്റെ ദൃശ്യങ്ങളാണ് യാദൃശ്ചികമായി വീഡിയോ പകര്‍ത്തിയ ആളില്‍ നിന്നും പുറത്തായത്. ഇതോടെ പഞ്ചായത്ത് മെമ്പർക്കെതിരെ വനം വകുപ്പ് കേസെടുത്തു.

2023 ഓഗസ്റ്റ് 23നാണ് സംഭവം നടന്നതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇരുമ്പകം എന്ന പ്രദേശത്തെ റോഡരികിലെ പൊന്തക്കാട്ടില്‍ കയറിയ പന്നിക്കുട്ടിയെ രാമചന്ദ്രന്‍ സമീപത്തുണ്ടായിരുന്ന വടിയെടുത്ത് തുടരെ അടിച്ച് കൊല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതും കാണാം. ഒരു വാഹനത്തില്‍ ഉണ്ടായിരുന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ ദിവസം ഇയാള്‍ നാട്ടുകാരോട് സംസാരിക്കുന്നതിനിടയില്‍ സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ചതാണ് വീഡിയോ പുറത്തുവരാന്‍ ഇടയാക്കിയത്.

തുടര്‍ന്ന് സമൂഹ മാധ്യമങ്ങള്‍ വഴി വീഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. രാമചന്ദ്രനെതിരേ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി താമരശ്ശേരി റേഞ്ച് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്തതായാണ് ലഭിക്കുന്ന വിവരം. വിഷയത്തില്‍ സിപിഎം പ്രാദേശിക നേതൃത്വവും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Read More : മൊബൈൽ ഹോട്ട്സ്പോട്ട് കണക്ട് ചെയ്യാൻ അനുവദിച്ചില്ല, പിന്നാലെ വഴക്ക്; 47 കാരനെ യുവാക്കൾ കുത്തിക്കൊന്നു