യുവാവിനെ ആക്രമിച്ച് വകവരുത്തിയ അന്ന് രാത്രി തന്നെ കടുവ ഇതേ സ്ഥലത്ത് ഒരു വീട്ടിലെത്തി ആടിനെയും കൊന്നിരുന്നു. ഇതിനിടെ കൂടുതല്‍ ജനവാസമേഖലയിലേക്ക് കടുവയെത്തിയതായി ജനങ്ങള്‍ വനംവകുപ്പിന് വിവരം നല്‍കി

കല്‍പ്പറ്റ: കഴിഞ്ഞ ദിവസം യുവാവിനെ കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ ഒടുവില്‍ അധികൃതരുടെ തീരുമാനം. വനംവകുപ്പും ജനപ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനമുണ്ടായത്. വയനാട്ടിലെ പുല്‍പ്പള്ളി-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഗുണ്ടറയിലാണ് കഴിഞ്ഞ ഒരാഴ്ചയായി കടുവ ഭീതി സൃഷ്ടിക്കുന്നത്.

യുവാവിനെ കടിച്ച് കൊന്നതിന് പുറമെ വളര്‍ത്തുമൃഗങ്ങളെയും ഒരു കാട്ടുപോത്തിനെയും വകവരുത്തിയതോടെ പ്രതിഷേധം വര്‍ധിച്ച സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നിര്‍ണായക നീക്കം. രണ്ട് കൂടുകള്‍ ഇവിടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തുമാണ് വെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്. ഇതിന് ശേഷം കടുവയെ മൃഗശാലയിലെത്തിക്കുമെന്നാണ് വിവരം.

യുവാവിനെ ആക്രമിച്ച് വകവരുത്തിയ അന്ന് രാത്രി തന്നെ കടുവ ഇതേ സ്ഥലത്ത് ഒരു വീട്ടിലെത്തി ആടിനെയും കൊന്നിരുന്നു. ഇതിനിടെ കൂടുതല്‍ ജനവാസമേഖലയിലേക്ക് കടുവയെത്തിയതായി ജനങ്ങള്‍ വനംവകുപ്പിന് വിവരം നല്‍കി. പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഗുണ്ടറയില്‍ കിടങ്ങ് നിര്‍മാണവും ആരംഭിച്ചു. പത്തടി വീതിയിലാണ് കിടങ്ങ് നിര്‍മിക്കുന്നത്. കടുവ നിരീക്ഷണത്തിനായി രണ്ട് താപ്പാനകളെ കൂടി എത്തിച്ചു. ആകെ അഞ്ച് താപ്പാനകളെയാണ് നിരീക്ഷണത്തിനായി ഗുണ്ടറയിലേക്ക് എത്തിച്ചിട്ടുള്ളത്.