വണ്ടാഴിയിൽ റോഡിൽ പുലിയെ കണ്ടെന്ന രീതിയിൽ ദൃശ്യങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നതിനെതിരെ മംഗലംഡാം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ എ മുഹമ്മദ് ഹാഷിം ആണ് മംഗലംഡാം പൊലീസിൽ പരാതി നൽകിയത്
പാലക്കാട്: വടക്കഞ്ചേരി വണ്ടാഴിയിൽ പുലിയെ കണ്ടെന്ന് നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണത്തിനെതിരെ വനം വകുപ്പ് പൊലീസിൽ പരാതി നൽകി. വണ്ടാഴിയിൽ റോഡിൽ പുലിയെ കണ്ടെന്ന രീതിയിൽ ദൃശ്യങ്ങൾ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നതിനെതിരെ മംഗലംഡാം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ എ മുഹമ്മദ് ഹാഷിം ആണ് മംഗലംഡാം പൊലീസിൽ പരാതി നൽകിയത്. റോഡരികിലെ പാലത്തിന് മുകളിൽ കടുവ ഇരിക്കുന്ന വീഡിയോയാണ് വണ്ടാഴിയിൽ കണ്ടതെന്ന നിലയിൽ വ്യാജമായി പ്രചരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഭീതിയിലാഴ്‌ത്തുകയും ചെയ്യുന്ന ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. കർണാടകയിലൊ മറ്റൊ ഉള്ള വീഡിയോ ആണ് വണ്ടാഴിയിൽ കണ്ടെന്ന നിലയിൽ പ്രചരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
