ഇവിടെയെത്തിയാല്‍ ആദ്യം സഞ്ചാരികളെ ആകര്‍ഷിക്കുന്നത് കുറിഞ്ഞിക്കുടകളാണ്. കാലവര്‍ഷം പ്രതികൂലമായി ബാധിച്ചതിനാല്‍ പ്രതീക്ഷിച്ച പോലെ കുറിഞ്ഞി പൂക്കാത്ത സാഹചര്യത്തില്‍ കുറിഞ്ഞിപ്പൂക്കളുടെ ചിത്രം പതിപ്പിച്ച കുടകള്‍ വാങ്ങി സഞ്ചാരികള്‍ തൃപ്തിയടയുകയാണ്

ഇടുക്കി: നീലക്കുറിഞ്ഞി കാണാനെത്തുന്നവരില്‍ കൗതുകമുണര്‍ത്തി ഇരവികുളം ദേശീയോധ്യാനത്തിന്റെ പ്രത്യേകതകളായ നീലക്കുറിഞ്ഞി, വരയാട് എന്നിവയുടമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ ഉല്പന്നങ്ങള്‍ സഞ്ചാരികള്‍ക്ക് പ്രിയമാകുന്നു. നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് കൗതുകമാവുകയാണ് കുറിഞ്ഞിക്കുടയും വരയാടിന്റെ രോമം കൊണ്ടുണ്ടാക്കിയ ബനിയനുകളും. വാട്ടര്‍ ബോട്ടിലുകളും വനം വകുപ്പിന്റെ വില്‍പ്പന ശാലകളിലാണ് ഇവ വാങ്ങാന്‍ കിട്ടുക. ദേശീയോധ്യാനത്തിലെ രാജമലയിലാണ് വനം വകുപ്പിന്റെ വില്‍പ്പന ശാല. 

ഇവിടെയെത്തിയാല്‍ ആദ്യം സഞ്ചാരികളെ ആകര്‍ഷിക്കുന്നത് കുറിഞ്ഞിക്കുടകളാണ്. കാലവര്‍ഷം പ്രതികൂലമായി ബാധിച്ചതിനാല്‍ പ്രതീക്ഷിച്ച പോലെ കുറിഞ്ഞി പൂക്കാത്ത സാഹചര്യത്തില്‍ കുറിഞ്ഞിപ്പൂക്കളുടെ ചിത്രം പതിപ്പിച്ച കുടകള്‍ വാങ്ങി സഞ്ചാരികള്‍ തൃപ്തിയടയുകയാണ്. 1080 രൂപയാണ് കുറിഞ്ഞി സ്‌പെഷ്യല്‍ കുടയുടെ വില. വരയാടുകളുടെ രോമം കൊണ്ടുണ്ടാക്കിയ ബനിയനാണ് മറ്റൊരു ആകര്‍ഷണം. തണുപ്പ് കാലത്ത് ഇടാന്‍ പറ്റിയ ഈ ബനിയന് 700 രൂപയാണ് വില. 

ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ ലോഗോ പതിപ്പിച്ച കോട്ടും ജാക്കറ്റും സഞ്ചാരികള്‍ക്ക് ഏറെ പ്രിയംകരമാണ്. 500 രൂപയാണ് ഇതിന്റെ വില. കുട്ടികള്‍ക്ക് സമ്മാനമായി കൊടുക്കാന്‍ നീലക്കുറിഞ്ഞിയുടേയും വരയാടിന്റേയും ഫോട്ടോ പതിച്ച വാട്ടര്‍ ബോട്ടിലുകളുമുണ്ട്. 340 രൂപയാണ് വില. ആദിവാസികള്‍ വനത്തില്‍ നിന്ന് ശേഖരിച്ച ശുദ്ധമായ തേനും യുക്കാലിറ്റിപ്പ് തൈലത്തിനും സഞ്ചാരികള്‍ക്ക് ഏറെ പ്രിയമാണ്.