ആളെക്കൊല്ലിയായ ആനയെ തുറന്നുവിടാനാണ് തീരുമാനമെങ്കിൽ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ അറിയിച്ചു.

വയനാട്: വയനാട് ബത്തേരിയിൽ നിന്നും പിടികൂടിയ പിഎം 2 കാട്ടാനയെ തിരികെ കാട്ടിൽ വിടാൻ വനംവകുപ്പ് ആലോചന തുടങ്ങി. മൃഗസ്നേഹികളുടെ ആവശ്യം പരിഗണിച്ച് ഇതിന്‍റെ സാധ്യത പരിശോധിക്കാൻ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. എന്നാൽ ആളെക്കൊല്ലിയായ ആനയെ തുറന്നുവിടാനാണ് തീരുമാനമെങ്കിൽ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ അറിയിച്ചു.

ബത്തേരി നഗരത്തെ വിറപ്പിച്ച പിഎം 2 എന്ന കാട്ടാനയെ ജനുവരി 9നാണ് വനംവകുപ്പ് അതിസാഹസികമായി മയക്കുവെടി വെച്ച് പിടികൂടിയത്. മുത്തങ്ങ ആനപന്തിയിൽ കൂട്ടിലടച്ച പന്തല്ലൂർ മഖ്ന 2 എന്ന പി എം 2 ഇപ്പോൾ മെരുങ്ങി തുടങ്ങി. ഇതിനിടെയാണ് ആനയെ തിരികെ കാട്ടിലേക്ക് വിടണമെന്ന ആവശ്യവുമായി മൃഗസ്നേഹികളും പരിസ്ഥിതി പ്രവർത്തകരും രംഗത്ത് എത്തിയത്. ചിലർ ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണ് കാട്ടിലേക്ക് തുറന്നുവിടാനുള്ള സാധ്യത പരിശോധിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്. പാലക്കാട് വൈൽഡ് ലൈഫ് സിസിഎഫ് ചെയർമാനായി അഞ്ചംഗ കമ്മിറ്റിയെയാണ് ഇതിനായി നിയോഗിച്ചത്. 

Also Read: അരിക്കൊമ്പനെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തം; ഹൈക്കോടതി നിയോഗിച്ച സമിതി മറ്റന്നാള്‍ ചിന്നക്കനാലിലേക്ക്

ഉടൻ റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ്ങിന്റെ ഉത്തരവ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഒപ്പം പരിസ്ഥിതി സംഘടനാ പ്രവർത്തകരും സമിതിയിൽ അംഗങ്ങളാണ്. അരികൊമ്പൻ ദൗത്യത്തിന് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ തിരിച്ചടി മുന്നിൽ കണ്ട് കൂടിയാണ് സർക്കാർ നീക്കം. എന്നാൽ അക്രമകാരിയായ ആനയെ കാട്ടിലേക്ക് തിരികെ വിടാൻ തീരുമാനിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും വനംമന്ത്രിക്കും ഉടൻ പരാതി നൽകും.

YouTube video player

ഗൂഡല്ലൂരിൽ രണ്ട് പേരെ കൊന്ന, നൂറിലേറെ വീടുകൾ തകർത്ത പിഎം 2വിനെ 2022 ഡിസംബറിൽ വനം വകുപ്പ് ആദ്യം പിടികൂടിയതാണ്. പിന്നീട് റേഡിയോ കോളർ ഘടിപ്പിച്ച് സത്യമംഗലം കാട്ടിൽ വിട്ടെങ്കിലും ജനവാസ മേഖലയിൽ തിരിച്ചെത്തി. കിലോ മീറ്ററുകൾ താണ്ടി അതിർത്തി കടന്ന് ബത്തേരിയിലെത്തിയതോടെ പിഎം 2 വീണ്ടും വനപാലകരുടെ പിടിയിലാവുകയായിരുന്നു.