Asianet News MalayalamAsianet News Malayalam

'പുലി വരുന്നേ... പുലി'; ഉറക്കം നഷ്ടപ്പെട്ട് തദ്ദേശീയരും വനം വകുപ്പ് ഉദ്യോഗസ്ഥരും

പുലിയെ കണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും കാര്യമായതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. 

Forest department says action take against Leopard fake news
Author
First Published Oct 14, 2022, 1:56 PM IST

ഇടുക്കി: മൂന്നാര്‍ നയക്കാട് എസ്റ്റേറ്റിലെ ജനവാസ മേഖലയില്‍ ഇറങ്ങി കറവപ്പശുക്കളെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വനപാലകര്‍ അതിസാഹസികമായാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. രണ്ട് ദിവസം മേഖലയില്‍ കൂടുവെച്ച് വനപാലകര്‍ കാത്തിരുന്നു. ഒടുവില്‍ മൂന്നാം ദിവസമാണ് രാത്രിയോടെയാണ് കടുവ കെണിയില്‍ വീണത്. കണ്ണിന് പരിക്കേറ്റിരുന്ന കടുവയെ തേട്ടക്കടി പെരിയാര്‍ സങ്കേതത്തില്‍ തുറന്നു വിടുകയും ചെയ്തു. എന്നാല്‍, പ്രശ്നങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മൂന്നാറിലെ പെരിയവാര, കന്നിമല, കടലാര്‍ എന്നിവിടങ്ങളില്‍ വീണ്ടും പുലിയുടെ സാനിധ്യം കണ്ടെത്തിയത് വനപാലകര്‍ക്ക് തലവേദന സ്യഷ്ടിക്കുകയാണ്. 

മേഖലയില്‍ ഇറങ്ങിയ പുലി കഴിഞ്ഞ ദിവസം കന്നുകാലിയെ ആക്രമിച്ച് കൊലപ്പെടുത്തി. കന്നിമല സ്‌കൂളിന് സമീപത്തും കഴിഞ്ഞ ദിവസം പുലിയെ കണ്ടതായി സമീപവാസികള്‍ പറയുന്നു. കൂടാതെ ആനച്ചാല്‍ ചെങ്കുളം ഭാഗത്ത് പുലിയെ കണ്ട ടാക്‌സി ഡ്രൈവര്‍ ദ്യശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതോടെ നാട്ടുകാരുടെ നേത്യത്വത്തില്‍ മേഖലയില്‍ സമരം ആരംഭിച്ചു. ഇതേ തുടര്‍ന്ന് മൂന്നാര്‍ ഡിഎഫ്ഒ രാജു കെ ഫ്രാന്‍സിസിന്‍റെ നേത്യത്വത്തില്‍ പ്രത്യേക സംഘം പുലിയെ കണ്ടെത്താന്‍ ശ്രമങ്ങളാരംഭിച്ചു. 

എസ്റ്റേറ്റിലിറങ്ങിയ ആക്രമണകാരിയ കടുവയെ പിടികൂടിയിട്ടും സമീപപ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് വനപലകര്‍ക്ക് തലവേദന സ്യഷ്ടിക്കുകയാണ്. എസ്റ്റേറ്റ് മേഖലയില്‍ പുലിയുടെ എണ്ണം വര്‍ദ്ധിച്ചതും കാട്ടില്‍ ഇരകള്‍ കുറഞ്ഞതുമാകാം പുലിയടക്കമുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങാന്‍ കാരണമെന്നാണ് അധിക്യതര്‍ നല്‍കുന്ന വിശദീകരണം. വന്യമ്യഗങ്ങളുടെ ആക്രമണം പതിവായതോടെ പരാതികളും സമരവും മൂലം കിടക്കപ്പൊറുതിയില്ലാത അവസ്ഥയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. 

വ്യാജ വാര്‍ത്തയ്ക്കെതിരെ നടപടിയുമായി വനം വകുപ്പ് 

കടുവയെ പിടികൂടിയെങ്കിലും പുലിയുടെ സാന്നിധ്യം പല സ്ഥലങ്ങളില്‍ കണ്ടെന്ന വാര്‍ത്ത കാട്ടുതീപോലെയാണ് പ്രദേശത്ത് വ്യാപിച്ചത്. മാത്രമല്ല, സാമൂഹ്യമാധ്യമങ്ങളില്‍ പുലിയുടെ ദൃശ്യങ്ങളും മറ്റും പ്രചരിക്കുകയാണ്. പുലിയെ കണ്ടെന്ന് പറയപ്പെടുന്ന സ്ഥലങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും കാര്യമായതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തിയാല്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ രാജു കെ ഫ്രാന്‍സീസ് അറിയിച്ചു. ഒരു നാട്ടിനെ മുഴുവന്‍ ഭീതിയിലാക്കുന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങള്‍ അവസാനിപ്പിക്കണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. 

കൂടുതല്‍ വായനയ്ക്ക്: കൊളുന്ത് ഇറക്കിവരുന്നതിനിടെ മുന്നിലൂടെ പുലി കുതിച്ചുചാടി; മൂന്നാറിൽ ട്രാക്ടർ അപകടത്തില്‍പ്പെട്ടു

Follow Us:
Download App:
  • android
  • ios