കോയമ്പത്തൂർ: വാൽപ്പാറയിൽ ജനവാസ മേഖലകളിൽ കാട്ടാനകൾ ഇറങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. പലചരക്ക് കടകളും റേഷൻ കടകളും വീടുകളുമാണ് ആനകൾ ആക്രമിക്കുന്നത്. കാട്ടാനകൾ ഇറങ്ങിയത് കാരണം ഭീതിയോടെയാണ് പ്രദേശത്തെ തൊഴിലാളികൾ ജോലിക്ക് പോയി മടങ്ങുന്നത്.

കായമുടി എസ്റ്റേറ്റ്, ശങ്കിലി റോഡ് തുടങ്ങി വിവിധ മേഖലകളിലാണ് ആനകൾ ഇറങ്ങിയത്. നാലോളം റേഷൻ കടകളും നിരവധി പലചരക്ക് കടകളും ഇവ ആക്രമിച്ചു. കടകളിലെ ഭക്ഷ്യ വസ്തുക്കൾക്കായാണ് ആനകൾ എത്തുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഈ പ്രദേശത്ത് സംഭവിച്ചിരിക്കുന്നത്. രാത്രി കാലങ്ങളിൽ റോഡിലെത്തുന്ന ആനകൾ കാരണം വാൽപ്പാറ റോഡിൽ ഗതാഗതവും തടസ്സപ്പെടുന്നുണ്ട്. 

പ്രദേശത്തെ തോയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഭീതിയോടെയാണ് രാത്രി വീട്ടിലേക്ക് മടങ്ങുന്നത്. ഭീതി മൂലം ഉറങ്ങാനാവുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ആനക്കൂട്ടത്തെ കൂവിയാണ് നാട്ടുകാർ ഓടിക്കുന്നത്. വനം വകുപ്പ് അധികൃതർ തങ്ങൾക്ക് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.