മാന്നാർ: വൈദ്യുതി ലൈനിൽ തട്ടി പൊള്ളലേറ്റ് മരത്തിൽ നിന്ന് താഴെ വീണ ഗർഭിണിയായ കുരങ്ങിനെ മാന്നാർ എമർജൻസി റെസ്‌ക്യൂ ടീമിന്റെ സഹായത്തോടെ വനപാലകർക്ക് കൈമാറി. മാന്നാർ എണ്ണക്കാട് വൃന്ദാവൻ പാലസിൽ ഭാസ്കരൻ തമ്പിയുടെ വീട്ടുമുറ്റത്താണ് സംഭവം. 

ഭാസ്കരന്റെ മകളുടെ ഭർത്താവ് മിർസ ഹസ്സൻ ആണ് പൊള്ളലേറ്റ കുരങ്ങിനെ കണ്ടത്. അപ്പോൾ തന്നെ അദ്ദേഹം മാന്നാർ എമർജൻസി റെസ്‌ക്യൂ ടീമിനെ ബന്ധപ്പെടുകയായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പിലെ റാപ്പിഡ് റെസ്‌ക്യൂ ടീം ഓഫീസർ സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും കുരങ്ങിനെ  വെറ്ററിനറി ഡോക്ടറെ കാണിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും ചെയ്തു.

ശേഷം വനം വകുപ്പിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കുരങ്ങിനെ മാറ്റി. മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളെയും രക്ഷിക്കാൻ മാന്നാർ എമർജൻസി റെസ്‌ക്യൂ ടീം കാണിച്ച നല്ല മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തുന്നത്.