ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്‌നല്‍ പ്രകാരം വടക്കനാട് വനമേഖലയില്‍ തന്നെയാണ് കൊമ്പനുള്ളത്. 

കൽപ്പറ്റ: രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തി ഭീതിപരത്തിയ വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ആദ്യ ശ്രമം ഉപേക്ഷിച്ചു. വനത്തിൽ മൂടക്കൊല്ലി ഭാഗത്ത് നിലയുറപ്പിച്ച കൊമ്പനെ ഉദ്യോഗസ്ഥർ കണ്ടെത്തിയെങ്കിലും മയക്കുവെടിവെച്ച് പിടികൂടാൻ കഴിയുമായിരുന്നില്ല. ചെളി പുതഞ്ഞ് കിടക്കുുന്നതിനാൽ വെടിവെച്ചാലും ആനയെ കൊണ്ടുവരാനുള്ള ലോറി ഈ ഭാഗത്തേക്ക് എത്തിക്കാൻ ബുദ്ധിമുട്ടായത് കൊണ്ടുമാണ് ആദ്യ ശ്രമം ഉപേക്ഷിക്കേണ്ടിവന്നത്. 

മുത്തങ്ങ ആനപ്പന്തിയിലെ കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ പിടികൂടാനുള്ള ശ്രമം അൽപ്പസമയം മുമ്പ് വനപാലകര്‍ വീണ്ടും തുടങ്ങി. ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്‌നല്‍ പ്രകാരം വടക്കനാട് വനമേഖലയില്‍ തന്നെയാണ് കൊമ്പനുള്ളത്.

മയക്കുവെടിവച്ച ശേഷം മുത്തങ്ങ ആനപ്പന്തിയിലെ നീലകണ്ടന്‍, പ്രമുഖ, സൂര്യന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് മുത്തങ്ങയിലെ ആന കൊട്ടിലിലേക്ക് ആനയെ മാറ്റും. പിന്നീട് ഉന്നത വനപാലകരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും തുടര്‍ നടപടികള്‍. കൊമ്പനെ പിടികൂടുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സിസിഎഫ് അഞ്ജന്‍കുമാര്‍ ഇന്നലെ അറിയിച്ചിരുന്നു.

രണ്ട് വര്‍ഷം മുമ്പ് പിടികൂടിയ കല്ലൂര്‍ കൊമ്പനെ പാര്‍പ്പിച്ച കൊട്ടിലിന് സമീപത്താണ് വടക്കനാട് കൊമ്പനും കൂടൊരുക്കിയിരിക്കുന്നത്. പ്രദേശവാസികളുടെ ഏറെ നാളത്തെ പ്രതിഷേധത്തിന് ശേഷമാണ് കൊമ്പനെ പിടികൂടാൻ തന്നെ തീരുമാനിച്ചത്. സുൽത്താൻ ബത്തേരി വടക്കനാട് പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകര്‍ക്കുന്ന കൊമ്പന്‍ മേഖലയിലെ കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാണ്.