സംരഭം തുടുങ്ങുകയും വേണം പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യരുതെന്ന് ചിന്തയാണ് കാർഷിക ടൂറിസത്തിലേക്ക് വഴിയൊരുക്കിയത്.

പത്തനംതിട്ട: വില കൊടുത്ത് സ്ഥലം വാങ്ങി കാടുണ്ടാക്കുയാണ് പത്തനംതിട്ടയിലെ ഒരു പ്രവാസി. ഏഴംകുളം സ്വദേശി സാം ജോർജാണ് 12 ഏക്കർ സ്ഥലത്ത് മരങ്ങൾ നട്ടുവളർത്തി കാർഷിക ടൂറിസം പദ്ധതി തുടങ്ങിയിരിക്കുന്നത്. നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

കുന്നും മലയും ഇടിച്ച് മരങ്ങൾ വെട്ടിമാറ്റി വ്യവസായങ്ങൾക്ക് വഴിയൊരുക്കുന്ന കാലത്താണ് സാം ജോർജ് വ്യത്യസ്തനാകുന്നത്. സംരഭം തുടുങ്ങുകയും വേണം പ്രകൃതിയെ നശിപ്പിക്കുകയും ചെയ്യരുതെന്ന് ചിന്തയാണ് കാർഷിക ടൂറിസത്തിലേക്ക് വഴിയൊരുക്കിയത്. പരിസ്ഥിതി പ്രവർത്തകരായ സുഹൃത്തുക്കളുടെ നിർദേശം തേടിയപ്പോൾ ലഭിച്ചത് വിപുലമായി ആശയം. ഏഴംകുളത്തെ കുന്നിൻ മുകളിൽ മരത്തൈകൾ നട്ടു. എട്ട് തരം പ്ലാവ്, നാടൻ മാവിന് പുറമെ ആറ് വ്യത്യസ്ത ഇനങ്ങൾ. അഞ്ച് തരം പേര പിന്നെ റംബൂട്ടാനും മാംഗോസ്റ്റിനും വിദേശികളായ അച്ച ചേറു അബിയു അവക്കാഡോ മിറാക്കിൾ ഫ്രൂട്ട് അങ്ങനെ എഴുനൂറേളം മരങ്ങൾ. ഒപ്പം പല തരം മുളകൾ. 

അമേരിക്കയിലെ ചിക്കാഗോയിൽ താമസമാക്കിയ സാം ജോർജ് ഇടയ്ക്ക് മാത്രമാണ് നാട്ടിൽ വരുന്നത്. ബാക്കി സമയം നാട്ടിലെ പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയാണ് സംരഭം നോക്കിനടത്തുന്നത്. മരങ്ങൾക്ക് നടുവിൽ ആയുർവേദ ഹെറിറ്റേജ് ഹോമും പദ്ധതിയിലുണ്ട്. പൂർണമായും മൺകട്ടകൾ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം. സ്ഥലത്ത് നിന്നുള്ള മണ്ണിൽ രാമച്ചവും ചുണ്ണാമ്പ് വള്ളിയും ചേർത്താണ് കട്ട നിർമ്മാണം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മരങ്ങൾ നട്ട് തുടങ്ങിയത്. ആരോഗ്യപരിപാലന പരിപാടികളടക്കം നടത്താനാണ് സാം ജോർജിന്റെ തീരുമാനം.