ആലപ്പുഴ: മാവേലിക്കര മുൻബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റും സിപിഎം നേതാവുമായ കെ. രഘുപ്രസാദ് ഉണക്കമീൻ കച്ചവടം തുടങ്ങി. പുതിയകാവിൽ ബ്ലോക്ക് പഞ്ചായത്തിന്റെ വ്യാപാര സമുച്ചയത്തിൽ തഴക്കര തണൽ സ്വയം സഹായ സംഘത്തിനായി എടുത്ത കടമുറിയിലാണ് രഘുപ്രസാദ് ഉണക്കമീൻ കച്ചവടം തുടങ്ങിയത്. ഇക്കഴിഞ്ഞ ടേമിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മികച്ച പ്രവർത്തനം കാഴ്ചവച്ച രഘുപ്രസാദ് തെരഞ്ഞെടുപ്പ് മത്സരരംഗത്തിനു താൽക്കാലികമായി അവധി നൽകി എൽഡിഎഫ് സ്ഥാനാർഥികൾക്കായി പ്രചാരണത്തിൽ സജീവമായതിനു ശേഷമാണു കട തുടങ്ങിയത്. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ തന്റെ വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ ആയിരുന്ന രഞ്ജിത് ഗംഗാധരൻ, നിധിൻ ജോൺ, ഹരികൃഷ്ണൻ, ഗോപിൻ കൃഷ്ണ, ജയമോൻ, ഷാൻ എന്നിവരുൾപ്പെടുന്ന തണൽ സംഘമാണു കച്ചവടത്തിൽ രഘുപ്രസാദിനൊപ്പമുള്ളത്. കൊവിഡ് കാലത്ത് സേവന പ്രവർത്തനങ്ങൾ നടത്തിയ തണൽ സംഘാംഗങ്ങളിൽ പലർക്കും തൊഴിൽ നഷ്ടമായ സാഹചര്യമാണ്. അതിനാലാണു സംഘത്തിന്റെ രക്ഷാധികാരി കൂടിയായ രഘുപ്രസാദ് വ്യത്യസ്തമായ കച്ചവടത്തിനു രംഗത്തെത്തിയത്. 

മേഖലയിലെ മറ്റു വ്യാപാരികൾക്കു ദോഷം ഉണ്ടാകരുതെന്ന ചിന്തയിലാണു സമീപത്തെങ്ങുമില്ലാത്ത ഉണക്കമീൻ കച്ചവടം തിരഞ്ഞെടുത്തതെന്നും ഇതിൽ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതം തണൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനത്തിനു വിനിയോഗിക്കുമെന്നും രഘുപ്രസാദ് പറഞ്ഞു. ഉണക്കമീനിനൊപ്പം നാടൻ മുട്ട, തേങ്ങ, വീടുകളിൽ നിർമിക്കുന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, അച്ചാർ ഉൾപ്പടെയുള്ള ഭക്ഷ്യവിഭവങ്ങളും ഘട്ടം ഘട്ടമായി വിൽപ്പനയ്ക്ക് ക്രമീകരിക്കും.