വീട്ടിൽ നിന്ന് 4 കി.മീ അകലെയെത്തിയ കാർ പെട്ടെന്ന് അഗ്നിഗോളമായി; മുൻ സഹകരണ ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് തീ കെടുത്തിയത്.

തൊടുപുഴ: ഇടുക്കി കുമാരമംഗലം പെരുമാങ്കണ്ടത്തിന് സമീപം കാറിന് തീപിടിച്ച് മുൻ സഹകരണ ബാങ്ക് മാനേജർ മരിച്ചു. ഏഴല്ലൂർ പ്ലാന്റേഷൻ സ്വദേശി എരപ്പനാൽ ഇ.ബി സിബി (60) യുടെ മൃതദേഹമാണ് സ്വന്തം കാറിനുള്ളിൽ കണ്ടെത്തിയത്. ഏഴല്ലൂർ-തൊടുപുഴ റോഡിൽ പെരുമാങ്കണ്ടത്തിന് സമീപം നരക്കുഴി ജംഗ്ഷനിൽ നിന്ന് 70 മീറ്റർ മാറി പ്ലാന്റേഷനിലേക്ക് പോകുന്ന റോഡിലെ സ്വകാര്യ വ്യക്തിയുടെ കൃഷിടത്തിലേക്ക് കയറിയുള്ള ചെറുവഴിയിൽ വെച്ചാണ് കാർ കത്തിയത്.
വൻ അഗ്നിഗോളത്തോടെ കാർ കത്തുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവർ അറിയിച്ചത് അനുസരിച്ച് തൊടുപുഴയിൽ നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയാണ് തീ കെടുത്തിയത്. സംഭവമറിഞ്ഞ് തൊടുപുഴ, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്ന് പൊലീസും സ്ഥലത്തെത്തി. സിബിയുടെ കാറാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ സിബിയുടെ സഹോദരൻ ഇ.ബി ടിബിയും ഭാര്യ ജിജിയും സ്ഥലത്തെത്തി കാർ സിബിയുടെ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
വീട്ടിലേക്ക് സാധനം വാങ്ങാനെന്ന് പറഞ്ഞിറങ്ങിയ സിബി, സാധനങ്ങൾ വാങ്ങി നൽകിയ ശേഷം തിരിച്ചു കുമാരമംഗലത്തേക്ക് വരുന്ന വഴിയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്ന സ്ഥലം കലൂർക്കാട് വില്ലേജിൽ ഉൾപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കല്ലൂർക്കാട് പൊലീസിലേയ്ക്ക് കേസ് കൈമാറി. കുമാരമംഗലം സർവീസ് സഹകരണ ബാങ്കിൽ മാനേജറായി വിരമിച്ച സിബി കൃഷിപ്പണിയിൽ സജീവമായിരുന്നു. കാർ കത്തിയിടത്ത് നിന്ന് നാല് കിലോ മീറ്റർ മാത്രം ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
സിബിക്ക് ജീവനൊടുക്കേണ്ട സാഹചര്യമില്ലന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. കാറിന് എങ്ങനെയാണ് തീപിടിച്ചതെന്നതിൽ വ്യക്തതയില്ല. കാറിനു തീ പിടിച്ചപ്പോൾ പുറത്തിറങ്ങാൻ കഴിയാത്തതാകാം അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ഏറെ പഴക്കം ചെന്ന കാറിലാണ് സിബി സഞ്ചരിച്ചത്. അപകടം നടക്കുന്നതിന് ഏതാനും സമയം മുമ്പ് സിബി സമീപത്തെ പെട്രോൾ പമ്പിലെത്തി ഇന്ധനം നിറച്ചിരുന്നതായും പെട്രോൾ നിറച്ച കുപ്പിയുടെ ഭാഗങ്ങൾ വാഹനത്തിൽ ഉണ്ടായിരുന്നതായും പൊലീസ് സൂചിപ്പിച്ചു. ഫൊറൻസിക് വിഭാഗവും പൊലീസും വിശദമായ പരിശോധന നടത്തിയ ശേഷം വൈകിട്ടോടെയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയത്. ഭാര്യ: സിന്ധു (റിട്ട. അധ്യാപിക), മക്കൾ: അരവിന്ദ് (എം.ജി യൂണിവേഴ്‌സിറ്റി കോട്ടയം), അഞ്ജലി (സൗത്ത് ഇന്ത്യൻ ബാങ്ക് മൂവാറ്റുപുഴ).