പഴ്സിൽ നിന്നും ലഭിച്ച വിലാസത്തിൽ പോസ്റ്റ് കാര്‍ഡ് അയച്ചാണ് ഉടമയെ കണ്ടെത്തിയത്
കായംകുളം: റോഡരികില്‍ കണ്ടെത്തിയ പേഴ്സ് ഉടമയ്ക്ക് തിരിച്ചുനല്‍കി മുന്‍ കൗണ്‍സിലറും പൊതുപ്രവര്‍ത്തകയുമായ മിനി സലിം മാതൃകയായി. ഒഎന്‍കെ ജംഗ്ഷന് കിഴക്കുവശം എഎച്ച്എം മില്ലിന് സമീപത്ത് നിന്നും ലഭിച്ച പേഴ്സില്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, കുറച്ച് പണം തുടങ്ങിയവ ഉണ്ടായിരുന്നത്.
സമീപപ്രദേശങ്ങളില്‍ അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താന്‍ കഴിയാതിരുന്ന മിനി, ഉടനെ കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തി രേഖകള്‍ സഹിതം പേഴ്സ് ഏല്‍പ്പിച്ചു. രേഖകളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ഉടമയുടെ മേല്‍വിലാസം കുറിച്ച് കായംകുളം പോസ്റ്റ് ഓഫിസില്‍ നിന്ന് വാങ്ങിയ പോസ്റ്റ് കാര്‍ഡില്‍ വിവരം രേഖപ്പെടുത്തി അയക്കുകയും ചെയ്തു. പഴ്സ് നഷ്ടപ്പെട്ടതിന്‍റെ ആശങ്കയിലിരിക്കുമ്പോഴാണ് ഉടമയെ തേടി കത്ത് എത്തുന്നത്.
കുറച്ച് ദിവസങ്ങള്‍ക്കകം മിനിയുടെ ഫോണ്‍ നമ്പറില്‍ തൃശൂരില്‍ നിന്നും വിമല്‍ റോയി എന്നയാള്‍ വിളിക്കുകയും തന്‍റേതാണ് പേഴ്സ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നേരിട്ടെത്തി കൈപ്പറ്റാമെന്നു അറിയിച്ചു. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിമലിന്‍റെ അച്ഛന്‍, പോസ്റ്റ് കാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ മിനിയുമായി വീഡിയോ കോള്‍ വഴിയുള്ള സംഭാഷണത്തിലൂടെ നന്ദിയും അറിയിച്ചു.
തുടര്‍ന്ന് കായംകുളം പൊലീസ് സ്റ്റേഷനില്‍ മിനിയുടെ സാന്നിധ്യത്തില്‍ വിമല്‍ പേഴ്സ് ഏറ്റുവാങ്ങി. സിപിഐ കായംകുളം മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാസംഘം ആലപ്പുഴ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ മിനി സലിം നന്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ വഴികാട്ടിയാകുകയാണ്.


