സർവീസിൽനിന്ന് വിരമിച്ച മുൻ ജോയിന്റ് ആര്‍ടിഒ സുരേഷ് നടരാജൻ നാടകവേദിയിൽ സജീവമാകുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഒരു മനുഷ്യൻ' എന്ന ചെറുകഥയാണ് ഇദ്ദേഹം ഏകാംഗ നാടകമായി അവതരിപ്പിക്കുന്നത്. മുപ്പതുവർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയ സുരേഷ്, ഇതിനോടകം നിരവധി വേദികളിൽ ഈ നാടകം അവതരിപ്പിച്ചു കഴിഞ്ഞു.
ആലപ്പുഴ: സർവീസിൽനിന്ന് വിരമിച്ച ശേഷം നാടകവേദിയിൽ വിശ്രമജീവിതം ആഘോഷമാക്കി മുൻ ജോയിന്റ് ആര്‍ടിഒ. വൈക്കം മുഹമ്മദ് ബഷീർ ദേശസഞ്ചാരകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചെഴുതിയ 'ഒരു മനുഷ്യൻ' എന്ന ചെറുകഥയാണ് തൃക്കുന്നപ്പുഴ കോട്ടേമുറി അക്കരക്കാരന്റെ പറമ്പിൽ സുരേഷ് നടരാജൻ (61) ഏകാംഗ നാടകമായി അരങ്ങിലെത്തിക്കുന്നത്. ഇതിനോടകം തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിലായി ഏഴ് വേദികളിൽ ബഷീറായി ഇദ്ദേഹം അരങ്ങിലെത്തി.
സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് അമച്വർ നാടകങ്ങളിൽ നടനായിരുന്നു സുരേഷ്. മുപ്പതുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നത്. അരീന തിയറ്റർ സർക്കിൾ കഴിഞ്ഞവർഷം അമ്പലപ്പുഴയിൽ സംഘടിപ്പിച്ച ഏകപാത്ര സൂക്ഷ്മാഭിനയ ശില്പശാലയിലൂടെയാണ് നാടകം പിറവിയെടുത്തത്. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ് ജേതാവായ ഡോ. എം പ്രദീപനാണ് ചെറുകഥയെ ഏകാംഗ നാടകമായി ചിട്ടപ്പെടുത്തിയത്.
അരമണിക്കൂർ നീളുന്ന നാടകത്തിൽ വൈക്കം മുഹമ്മദ് ബഷീറിനെ എഴുപത് വയസ്സുകാരനായും നാല്പത് വയസ്സുകാരനായുമാണ് സുരേഷ് വേദിയിലെത്തിക്കുന്നത്. ആകാശവാണിയിൽ ബി ഹൈ ഗ്രേഡ് ഡ്രാമ ആർട്ടിസ്റ്റ് കൂടിയാണ് ഇദ്ദേഹം. സ്വന്തം ജില്ലയായ ആലപ്പുഴയിൽ നൂറ് വേദികളിലെങ്കിലും ബഷീർ കഥാപാത്രമായി എത്തണമെന്നാണ് സുരേഷിന്റെ ആഗ്രഹം. ഭാര്യ: ഷേർളി. മകൾ: ആദിത്യവർഷ.


