വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍മന്ത്രിയുമായ സി വി പത്മരാജൻ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാളെ വൈകിട്ട് 4 നായിരിക്കും സംസ്കാരം. നാളെ ഉച്ചയ്ക്ക് 1 മണി മുതൽ 1.30 വരെ അർബൻ ബാങ്ക് ഹെഡ് ഓഫീസിലും ഉച്ചയ്ക്ക് 2 മുതൽ 3 വരെ ഡിസിസി ഓഫീസിലും പൊതുദർശനം ഉണ്ടാവും. തുടർന്ന് വിലാപയാത്രയായി പരവൂരിലെ കുടുംബ വീട്ടിൽ എത്തിക്കും.
കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി, ഫിഷറീസ് അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1931 ജൂലൈ 22 ന് കൊല്ലം ജില്ലയിലെ പരവൂരിൽ ആയിരുന്നു ജനനം. 1956 ൽ കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1983–87 വരെ കെപിസിസി പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചു. രണ്ട് തവണ ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ കരുണാകരൻ എ കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. കെ കരുണാകരന്‍ ചികിത്സയ്ക്ക് വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. 1982 ൽ ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾത്തന്നെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായി. അത് രാജിവെച്ച് 1983 ൽ കെപിസിസി പ്രസിഡന്റായി.
