കോഴിക്കോട്: വാര്‍ഡ് മെമ്പർ മുതല്‍ എംഎല്‍എവരെയായ പിതാവിന്റെ പാതയിലേക്ക് വിജയിച്ച് സഹോദരങ്ങള്‍. ചേച്ചി കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലേക്കും അനിയന്‍  താമരശ്ശേരി പഞ്ചായത്തിലേക്കുമാണ് വിജയിച്ചത്. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായിരുന്ന അന്തരിച്ച കെ. മൂസക്കുട്ടിയുടെ മക്കളാണിവര്‍.

മകള്‍ കളത്തിങ്ങല്‍ ജമീല കൊടുവള്ളി മുന്‍സിപാലിറ്റിയിലെ സൗത്ത് കൊടുവള്ളി 24-ാം ഡിവിഷനില്‍ നിന്നും വിജയിച്ചപ്പോള്‍ മകന്‍ പി.സി. അബ്ദുല്‍ അസീസ് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് രാരോത്ത് നിന്നാണ് വിജയിച്ചത്. ഇരുവരും ഇടതുപക്ഷസ്ഥാനാര്‍ത്ഥികളും സിപിഎം ഭാരവാഹികളുമാണ്.

ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം  താമരശ്ശേരി ഏരിയാകമ്മിറ്റി അംഗവുമാണ് ജമീല. അബ്ദുല്‍ അസീസ് സിപിഎം താമരശ്ശേരി സൗത്ത് ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും താമരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്.
കൊടുവള്ളി മുന്‍സിപ്പാലിറ്റി കൗണ്‍സിലറായ ജമീലയുടെ ആറാമത്തെ മത്സരമായിരുന്നു ഇത്. യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ് 22 വോട്ടുകള്‍ക്കാണ് ജമീല തിരിച്ചുപിടിച്ചത്. 

അബ്ദുല്‍ അസീസ് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ സിപിഎമ്മിന്റെ സിറ്റിങ് വാര്‍ഡില്‍ 216 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നാലാമത്തെ പ്രസിഡന്റായിരുന്നു ഇവരുടെ പിതാവായ കെ. മൂസക്കുട്ടി. 1982ല്‍ ബേപ്പൂര്‍ എംഎല്‍എയായ മൂസക്കുട്ടി രണ്ട് തവണ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മത്സരിച്ചിട്ടുമുണ്ട്. പിതാവിന്റെ അതേ പാതയിലാണ് ഇരുമക്കളും ഇപ്പോള്‍ മുന്നേറുന്നത്. നാല് വര്‍ഷം മുമ്പ് 2016 ജനുവരി 22നാണ് കെ. മൂസക്കുട്ടി അന്തരിച്ചത്.