ഇടുക്കി: ഇടുക്കി സേനാപതി പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക ഫോണിലേക്കെത്തുന്ന കോളുകള്‍ കോള്‍ ഡൈവര്‍ഷനിലൂടെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചോര്‍ത്തിയതായി പരാതി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇടുക്കി എസ്പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി. സേനാപതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിലേക്കെത്തുന്ന കോളുകള്‍ ഡൈവേര്‍ട്ട് ചെയ്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് തന്റെ ഫോണിലേയ്ക്ക് മാറ്റുകയാണ് ചെയ്തതെന്നാണ് ആരോപണം.  

ഇതിന് ശേഷം ഔദ്യോഗിക നമ്പറിലേക്ക് കോളുകള്‍ എത്താത്തത് സംശം ജനിപ്പിച്ചു. എന്നാല്‍ മറ്റൊരു ഫോണില്‍ നിന്ന് ഈ നമ്പരിലേക്ക് വിളിച്ചപ്പോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കോള്‍ എടുത്തതാണ് സംശയത്തിന് കാരണം. ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ ഇടുക്കി എസ്പി, സൈബര്‍ സെല്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മനപ്പൂര്‍വം ഫോണ്‍ കോള്‍ ചോര്‍ത്താന്‍ നടത്തിയ ശ്രമമാണിതെന്നും നിയമപരമായി തന്നെ മുമ്പോട്ട് പോകുമെന്നും തിലോത്തമ സോമന്‍ വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് തയ്യാറായില്ല.