വെള്ളനാട് വെളളൂർപ്പാറ സ്വദേശി അനിൽ കുമാറാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലേറെയായി ഇദ്ദേഹം സസ്പെൻഷനിലാണ്.

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് ഒന്നര വര്‍ഷമായി സസ്പെന്‍ഷനിലായിരുന്ന വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ആത്മഹത്യ ചെയ്തു. വെള്ളൂർപ്പാറ സ്വദേശി അനിൽകുമാറാണ് വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്. ഇന്ന് രാവിലെയാണ് വീട് മുറ്റത്തെ പ്ലാവിലാണ് അനിൽ കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്ക് മുന്‍ പ്രസിഡന്‍റ് വെള്ളനാട് ശശിയാണ് മരണത്തിന് ഉത്തരവാദിയെന്ന് അനിൽ കുമാറിന്‍റെ ഭാര്യ ആരോപിച്ചു

മുൻ കോൺഗ്രസ് നേതാവ് വെള്ളനാട് ശശി പ്രസിഡന്റായിരിക്കെ, വെള്ളനാട് സർവീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയായിരുന്നു അനിൽകുമാർ. വായ്പ നൽകിയതിലൂടെ ബാങ്കിന് വൻ ബാധ്യത വരുത്തിവച്ചെന്ന പേരിൽ ഒന്നരക്കൊല്ലം മുമ്പ് ഭരണസമിതി അനിൽകുമാറിനെ സസ്പെൻഡ് ചെയ്തു. വൈകാതെ വെള്ളനാട് ശശി, സിപിഎമ്മിൽ ചേർന്നു. ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. സഹകരണ വകുപ്പ് അന്വേഷണം തുടരുന്നതിനിടെയാണ് അനിൽകുമാറിനെ വീട്ടുവളപ്പിൽ ജീവനൊടുക്കിയ നിലയിൽ ബന്ധുക്കള്‍ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്ന അനിൽകുമാർ മനോവിഷമത്തിലായിരുന്നു എന്നാണ് കുടുംബം പറയുന്നത്. വെള്ളനാട് ശശി പറഞ്ഞവർക്ക് വായ്പ നൽകിയിട്ട്, അവർ തിരിച്ചടയ്ക്കാത്തതിന്റെ ബാധ്യത സെക്രട്ടറിയുടെ മേൽ കെട്ടിവച്ചെന്നാണ് ഭാര്യയുടെ അരോപണം.

വെള്ളനാട് ശശിക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബാങ്കിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നാണ് ബിജെപി ആവശ്യം. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് കള്ളക്കഥ മെനയുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. അനിൽ കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

YouTube video player