കിഴിശ്ശേരിയിലെ തൗഫീഖ് ജ്വല്ലറിയിൽ നിന്നും സ്വർണം ഉരുക്കുന്നതിനായി മഞ്ചേരിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജ്വല്ലറി ജീവനക്കാരന്റെ കൈയിൽ നിന്നും സ്വർണം നഷ്ടപ്പെട്ടത്.
മഞ്ചേരി: മഞ്ചേരി നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരനായ കൃഷ്ണൻകുട്ടി റോഡ് വൃത്തിയാക്കുന്നതിനിടെ ലഭിച്ച 25 പവൻ സ്വർണം ഉടമസ്ഥന് തിരികെ നൽകി മാതൃകയായി. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കൃഷ്ണൻകുട്ടിയുടെ സത്യസന്ധത മൂലം ഉടമയ്ക്ക് തിരികെ ലഭിച്ചത്. കിഴിശ്ശേരിയിലെ തൗഫീഖ് ജ്വല്ലറിയിൽ നിന്നും സ്വർണം ഉരുക്കുന്നതിനായി മഞ്ചേരിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ജ്വല്ലറി ജീവനക്കാരന്റെ കൈയിൽ നിന്നും സ്വർണം നഷ്ടപ്പെട്ടത്. അഞ്ച് മാലകൾ, മൂന്ന് പാദസരങ്ങൾ, മൂന്ന് കൈച്ചെയിനുകൾ, നാല് ലോക്കറ്റുകൾ, മോതിരം, നാല് വളകൾ, രണ്ട് കമ്മലുകൾ എന്നിവയാണ് കവറിലുണ്ടായിരുന്നത്. ഉരുക്കിയ സ്വർണമാണ് കവറിൽ കണ്ടെത്തിയത്. കറുത്ത നിറത്തിലായിരുന്നു സ്വർണമുണ്ടായിരുന്നത്. എങ്കിലും പാക്കറ്റിലുള്ളത് സ്വർണമാണെന്ന് തിരിച്ചറിയുകയായിരുന്നു. 28 ലക്ഷം രൂപയോളം വിലയുള്ള സ്വർണമാണ് കണ്ടെത്തിയത്.

നഷ്ടപ്പെട്ട് പോയി എന്ന് ധരിച്ച സ്വർണമാണ് തിരികെ കിട്ടിയതെന്നാണ് ഉടമസ്ഥന്റെ പ്രതികരണം. കൃഷ്ണൻ കുട്ടിയെ ഒരിക്കലും മറക്കില്ലെന്നാണ് ജ്വല്ലറി ഉടയമുടെ പ്രതികരണം. സെൻട്രൽ ജംഗ്ഷൻ വൃത്തിയാക്കുന്നതിനിടെ സിഗ്നൽ ലൈറ്റിന്റെ തൂണിന് ചുവട്ടിൽ നിന്നാണ് കൃഷ്ണൻകുട്ടിക്ക് കവറിൽ കെട്ടിയ നിലയിൽ സ്വർണം ലഭിച്ചത്. തുടർന്ന് അദ്ദേഹം നഗരസഭയിലെ ആരോഗ്യവിഭാഗം പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരെ വിവരമറിയിക്കുകയും സ്വർണമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഉടമസ്ഥരെ അറിയിക്കുകയുമായിരുന്നു.നഗരസഭാ കാര്യാലയത്തിൽ വെച്ച് ചെയർപേഴ്സൺ വല്ലാഞ്ചിറ അബ്ദുൽ മജീദിന്റെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ കൃഷ്ണൻകുട്ടി സ്വർണം ജ്വല്ലറി മാനേജിങ് ഡയറക്ടർ എം.കെ. അബൂബക്കറിന് കൈമാറി.


