അഖിലേഷും സന്ദീപും ചേർന്ന് ഷർട്ട് വാങ്ങാനായി പോകുമ്പോഴാണ് കലക്ടറേറ്റിനു സമീപത്തെ ടൗൺ യുപി സ്കൂളിനു മുൻവശത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ അനാഥമായി ഒരു ബാഗ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

കൊല്ലം: പൊന്നിന്‍റെ പൊന്നുംവിലയിലും കണ്ണു മഞ്ഞളിക്കാതെ, കളഞ്ഞു കിട്ടിയ സ്വർണ്ണമടങ്ങിയ ബാഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഉടമകൾക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് രണ്ടു വിദ്യാർത്ഥികൾ. നീരാവിൽ എസ്എൻഡിപി യുപി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഖിലേഷ്, പത്താം ക്ലാസ് വിദ്യാർത്ഥി സന്ദീപ് എന്നിവരാണ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് ലഭിച്ച ബാഗ് പൊലീസിന് കൈമാറിയത്. അഖിലേഷും സന്ദീപും ചേർന്ന് ഷർട്ട് വാങ്ങാനായി പോകുമ്പോഴാണ് കലക്ടറേറ്റിനു സമീപത്തെ ടൗൺ യുപി സ്കൂളിനു മുൻവശത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ അനാഥമായി ഒരു ബാഗ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബാഗുമായി അവർ അടുത്തുള്ള വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോയി. ബാഗ് തുറന്നപ്പോഴാണ് മൂന്നേമുക്കാൽ പവൻ സ്വർണം, വെള്ളി ആഭരണങ്ങൾ, 5100 രൂപ,റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈൽ ഫോൺ എന്നിവ കണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സമയത്ത് ബാഗിന്റെ യഥാർത്ഥ ഉടമകൾ ബാഗിനായി പരക്കംപായുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിൽ നിന്നു വിരമിച്ച പള്ളിക്കൽ ഷെറിൻ ഭവനത്തിൽ ജനാർദനൻ ആചാരി– രാജമ്മ ദമ്പതികളുടെ ബാഗ് ആണ് നഷ്ടമായത്. കലക്ടറേറ്റിനു സമീപത്തെ ജോയിന്റ് കൗൺസിൽ ഹാളിലെ പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു ബാഗ് നഷ്ടമായത്. ബസിൽ കയറി തിരികെ മടങ്ങവേ താലൂക്ക് ഓഫിസ് ജംക്‌ഷനിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ബാഗിൽ ഉണ്ടായിരുന്ന ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. ഉടൻ തന്നെ അവിടെ ഇറങ്ങി കലക്ടറേറ്റിന് സമീപത്തെ ബസ് സ്റ്റോപ്പിലെത്തി. രണ്ടു കുട്ടികൾ ബാഗുമായി സ്റ്റേഷനിലേക്ക് പോയതായി അവിടെ ഉണ്ടായിരുന്നവർ പറഞ്ഞതോടെ സ്റ്റേഷനിലേക്ക് പോയി.

ഇടയ്ക്ക് വീണ്ടും വിളിച്ചപ്പോൾ ഫോൺ എടുത്തത് പൊലീസുകാർ. ഉടമ ബന്ധപ്പെട്ടു എന്നറിഞ്ഞതോടെ പൊലീസുകാർ വിദ്യാർഥികളോട് വിവരം പറഞ്ഞു. ബാഗ് കൈമാറുന്നതിന് വിദ്യാർത്ഥികൾ സാക്ഷിയാകണമെന്ന് പൊലീസ് പറഞ്ഞതോടെ ഉടമസ്ഥരെ കാത്ത് അവർ നിന്നു. ഒടുവിൽ പൊലീസുകാർ കുട്ടികളെ കൊണ്ട് തന്നെ ബാഗ് ഉടമസ്ഥന് സമ്മാനിച്ചു. കുട്ടികളുടെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചപ്പോൾ ജനാർദനൻ ആചാരിയും രാജമ്മയും നിറകണ്ണുകളോടെ നന്ദി പറഞ്ഞു.