പദ്ധതിക്കായുള്ള 116കോടി രൂപയുടെ എസ്റ്റിമേറ്റിന് ഇതുവരെ കേന്ദ്രത്തിന്റെ അനുമതിയും കിട്ടിയിട്ടില്ല. ത്രിശങ്കുവിലുള്ള ഒരു പദ്ധതിക്കാണ് അന്ന് തറക്കല്ലിട്ടതെന്ന് ചുരുക്കം
തറക്കല്ല് ഇട്ട് വർഷങ്ങൾ പിന്നിട്ടിട്ടും നേമം റെയിൽവേ ടെർമിനൽ (Nemom Railway Terminal) ഇപ്പോഴും ട്രാക്കിൽ കയറിയിട്ടില്ല. കേരളത്തിന്റെ റെയിൽവേ വികസനത്തിൽ ഏറെ പ്രധാനപ്പെട്ട പദ്ധതിയുടെ പ്രാഥമിക നടപടികൾ പോലും എവിടെയുമെത്തിയിട്ടില്ല. കേന്ദ്രവും സംസ്ഥാനവും നടപടികൾ വൈകിപ്പിക്കുമ്പോൾ സ്വപ്നപദ്ധതി കേരളം തന്നെ വിട്ടുപോകുമോ എന്നാണ് ആശങ്ക
2008ലായിരുന്നു നേമത്ത് റെയിൽവേ ടെർമിനൽ സ്ഥാപിക്കുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനം.തിരുവനന്തപുരത്തു യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ കൂടുതൽ ട്രെയിനുകൾ. ഇതോടെ തീർത്തും മെച്ചപ്പെട്ട ട്രെയിൻ ഗതാഗതം. ഇതൊക്കെയായിരുന്നു വാഗ്ദനങ്ങൾ. പക്ഷെ കാത്ത് കാത്തിരുന്നിട്ടും തലസ്ഥാനത്തിന്റെ വമ്പൻ സ്വപ്നപദ്ധതിക്ക് ചിറക് മുളയക്കാൻ പിന്നെയും സമയമെടുത്തു. ഒടുവിൽ 2018ൽ ഭൂമി ഏറ്റെടുപ്പ് നടപടികളിലേക്ക് സംസ്ഥാനം കടന്നു. പക്ഷെ ഇപ്പോഴും ടെർമിനലിനും പാത ഇരട്ടിപ്പിക്കലിനുമുള്ള ഭൂമി പോലും ഏറ്റെടുത്തിട്ടില്ല.
എന്തിന് പദ്ധതിക്കായുള്ള 116കോടി രൂപയുടെ എസ്റ്റിമേറ്റിന് ഇതുവരെ കേന്ദ്രത്തിന്റെ അനുമതിയും കിട്ടിയിട്ടില്ല. ത്രിശങ്കുവിലുള്ള ഒരു പദ്ധതിക്കാണ് അന്ന് തറക്കല്ലിട്ടതെന്ന് ചുരുക്കം. ടെർമിനലിന്റെ ആദ്യഘട്ട നിർമാണത്തിന് വേണ്ട 14.8 ഹെക്ടർ ഭൂമിയുടെ സർവേ പൂർത്തിയാക്കി, പുനരധിവാസ ഹിയറിംഗിലേക്ക് പോലും സംസ്ഥാനം കടക്കുന്നതേ ഉള്ളൂ. ഭൂമി പൂർണമായും ഏറ്റെടുക്കാൻ ഇനിയും ഒരു വർഷമെങ്കിലും വേണ്ടിവരും. ഭൂമി ഏറ്റെടുപ്പിലെ ഈ മെല്ലെ പോക്കാണ് പദ്ധതി വൈകാൻ കാരണമെന്നാണ് റെയിൽവേ കുറ്റപ്പെടുത്തുന്നത്.
പക്ഷെ എസ്റ്റിമേറ്റിന്റെ അന്തിമ അനുമതി വൈകുന്നതും ആവശ്യമായ തുക അനുവദിക്കാത്തതുമാണ് പ്രശ്നമെന്നാണ് സംസ്ഥാനത്തിന്റെ മറുവാദം. 2024ന് മുമ്പ് പൂർത്തിയാക്കേണ്ട റെയിൽ പദ്ധതികളുടെ കൂട്ടത്തിലാണ് നേമം ടെർമിനൽ. പക്ഷെ ഇങ്ങനെ ഇഴഞ്ഞ് നീങ്ങിയാൽ എങ്ങനെ എന്നതാണ് ചോദ്യം.
