ക്വട്ടേഷന്‍ നല്‍കിയ അഭിഭാഷകനടക്കം രണ്ടുപേരെ പിടിക്കാനുണ്ട്. ഇവര്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. അഭിഭാഷകനായ ബാലകൃഷ്ണപിള്ള ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ പ്രകാരമാണ് ഗുണ്ടാനേതാവും സംഘവും ചേര്‍ത്തലയിലെത്തി അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

ചേര്‍ത്തല: വസ്തുതര്‍ക്കത്തില്‍ സുപ്രീംകോടതി അഭിഭാഷകന്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരം അക്രമം നടത്തിയ പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ പിടിയില്‍. നഗരസഭ 21ാം വാര്‍ഡ് അരീപറമ്പ് കുന്നേല്‍വെളി സുരേഷി(48)നെ അക്രമിച്ച കേസിലാണ് സംഘം പിടിയിലായത്.

മൂന്നു കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയും നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഗുണ്ടാനേതാവ് തൃശൂര്‍ നെല്ലായി വയലൂര്‍കൈപ്പള്ളി ഭവനില്‍ കഞ്ചന്‍ എന്നു വിളിക്കുന്ന രാഗേഷ് (43), എറണാകുളം ഞാറക്കല്‍ പണിക്കശ്ശേരില്‍ ലെനീഷ് (33), ഞാറക്കല്‍ കൊച്ചുവേലിക്കകത്ത് ജോസഫ്‌ലിബിന്‍ (25), വൈപ്പിന്‍ ബ്ലാവേലി വീട്ടില്‍ ശ്യാം (34) എന്നിവരെയാണ് ചേര്‍ത്തല പൊലീസ് ഇന്‍സ്പക്ടര്‍ പി.ശ്രീകുമാര്‍, എസ്.ഐ.ലൈസാദ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്.

പിടിയിലായവരെല്ലാം നിരവധി കേസുകളില്‍ പ്രതികളാണ്. രാഗേഷ് പരോളിലിറങ്ങി ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുകയാണ്. ക്വട്ടേഷന്‍ നല്‍കിയ അഭിഭാഷകനടക്കം രണ്ടുപേരെ പിടിക്കാനുണ്ട്. ഇവര്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. അഭിഭാഷകനായ ബാലകൃഷ്ണപിള്ള ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ പ്രകാരമാണ് ഗുണ്ടാനേതാവും സംഘവും ചേര്‍ത്തലയിലെത്തി അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

അക്രമത്തിനിരയായ സുരേഷും ബാലകൃഷ്ണപിള്ളയും ബന്ധുക്കളാണ്. ഇവര്‍ തമ്മില്‍ വീട്ടിലേക്കുള്ള വഴിയുടെ പേരില്‍ സിവില്‍ കേസ് നിലവിലുണ്ട്. ഇതിന്‍ പ്രകാരം സ്ഥലപരിശോധനക്ക് അഭിഭാഷക കമ്മീഷന്‍ എത്തിയപ്പോഴാണ് ഗുണ്ടാസംഘം അറസ്റ്റിലായത്. അക്രമത്തിനിടെ സുരേഷിനെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരി ഉമാദേവി(53)യെ അക്രമിച്ചതായും പരാതിയുണ്ട്.

സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലകൃഷ്ണപിള്ളയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചേര്‍ത്തല സ്വദേശിയായ ഒരാളാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പാടാക്കിയത്. ഇയാള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.