Asianet News MalayalamAsianet News Malayalam

കോഴിക്കോട് ഒരു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊടുവള്ളിയി സ്വദേസിയായ ഒരു വയസ്സുള്ള കുട്ടിയടക്കം നാല് പേര്‍ക്കാണ് ഇന്ന് കൊവിഡ് പൊസിറ്റീവ് ആയത്. ഇതോടെ കൊവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 64 ആയി.

four new covid positive case confirmed in kozhikode
Author
Kozhikode, First Published May 30, 2020, 6:46 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരു വയസ്സായ കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ ചെന്നൈയില്‍ നിന്ന് വന്നവരും രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരുമാണെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. 48 വയസ്സുള്ള കുറ്റിയാടി സ്വദേശിയാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാള്‍. മെയ് 14 ന് ചെന്നൈയില്‍നിന്ന് സ്വന്തം വാഹനത്തില്‍ കുറ്റിയാടിയില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 29 ന് സ്രവ പരിശോധന നടത്തുകയും കൊവിഡ്-19 പോസിറ്റീവ് ആവുകയും ചെയ്തു. ഇപ്പോള്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലാണ്.

ഏറാമല സ്വദേശിയായ 48 കാരനാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരു വ്യക്തി. മെയ് 27 ന് ചെന്നൈയില്‍നിന്നു സ്വന്തം വാഹനത്തില്‍ പുറപ്പെട്ട് മെയ് 28 ന് കോഴിക്കോട് എത്തി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍  പോസിറ്റീവായി. 64 വയസ്സുള്ള മാവൂര്‍ സ്വദേശിയാണ് മൂന്നാമത്തെ വ്യക്തി.  മെയ് 20 ന് റിയാദില്‍നിന്നു വിമാനമാര്‍ഗ്ഗം കണ്ണൂരിലെത്തി.  സര്‍ക്കാര്‍ സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട്ടെത്തി മാവൂരിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് മെയ് 22ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആവുകയും ചെയ്തു. 
 
കൊടുവള്ളിയിലെ ഒരു വയസ്സുള്ള കുട്ടിയാണ് നാലാമത്തേത്. അമ്മയോടൊപ്പം ഖത്തറില്‍നിന്ന് മെയ് 18ന് കോഴിക്കോട്ടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 28 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റിവ് ആവുകയും ചെയ്തു. നാലുപേരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.  

ഇതോടെ കൊവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 64 ആയി. 28 പേര്‍ രോഗമുക്തരായി. ഇപ്പോള്‍ 36 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 15 പേര്‍  ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍  കണ്ണൂരിലും മഹാരാഷ്ട്രക്കാരിയായ ഒരു വിമാന ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലുമാണ്.  

ഇതു കൂടാതെ  ഒരു മലപ്പുറം സ്വദേശിയും മൂന്ന് കാസര്‍ഗോഡ് സ്വദേശികളും  ഒരു തൃശൂര്‍ സ്വദേശിയും  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റൊരു തൃശൂര്‍ സ്വദേശി എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലും പോസിറ്റീവായി ചികിത്സയിലുണ്ട്. ഇന്ന് 181 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 4736 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4513 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4433 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 223 പേരുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.

Follow Us:
Download App:
  • android
  • ios