മഹാരാജ് കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് അതുൽ, എസ് എഫ് ഐ പ്രവർത്തകനായ അനന്ദു, കോളേജിലെ വിദ്യാർത്ഥിയായ മാലിക്ക്, പുറത്ത് നിന്നെത്തിയ ഹാഫിസ് എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ - കെ എസ്‍ യു സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ. മഹാരാജ് കോളേജ് കെ എസ് യു യൂണിറ്റ് പ്രസിഡന്‍റ് അതുൽ, എസ് എഫ് ഐ പ്രവർത്തകനായ അനന്ദു, കോളേജിലെ വിദ്യാർത്ഥിയായ മാലിക്ക്, പുറത്ത് നിന്നെത്തിയ ഹാഫിസ് എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പടക്കം ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഡിസിപി എസ് ശശിധരൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിദ്യാ‍ർത്ഥിനിയെ ശല്യപ്പെടുത്തിയ സംഭവത്തിൽ നിന്നാണ് പ്രശ്നങ്ങൾക്ക് തുടക്കം. കോളേജ് വിദ്യാർത്ഥിയായ മാലിക്ക് പുറത്ത് നിന്നും സുഹൃത്തായ ഹാഫിസിനെ കൊണ്ടുവന്നത് പ്രശ്നം വഷളാക്കി. ഇത് പിന്നീട് എസ് എഫ് ഐ, കെ എസ്‍ യു ചേരിതിരിവായി. ബുധനാഴ്ച തുടങ്ങിയ പ്രശ്നങ്ങൾ ഇന്നലെ സംഘർഷമായി. കോളേജിന് സമീപമുള്ള എറണാകുളം ജനറൽ ആശുപത്രിക്ക് മുന്നിലും ഇന്നലെ സംഘർഷം നടന്നിരുന്നു. ജനറൽ ആശുപത്രിക്ക് മുന്നിൽ നടന്ന അടിയുടെ കൂടുതൽ ദൃശ്യങ്ങളും പുറത്തുവന്നു.

തലയ്ക്കടിയേറ്റ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്‍റ് അമൽ ജിത്ത് അടക്കം 17 പേർ ചികിത്സയിലാണ്. സംഘർഷത്തിന്‍റെ ദൃശ്യങ്ങളിൽ കെ എസ്‍ യു - എസ് എഫ് ഐ നേതാക്കളുടെയും സാന്നിദ്ധ്യം പ്രകടമാണ്. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. സർവ്വകക്ഷി യോഗം വിളിക്കും.

കോളേജ് വിദ്യാ‍ർത്ഥിയായ മാലിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സഹോദരൻ തോപ്പുംപടി പാലത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മാലിക്കിനെ തെറ്റായി പ്രതിചേർത്തു എന്ന് ആരോപിച്ചാണ് സഹോദരൻ കമാൽ തോപ്പുംപടി പാലത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂറിന് ശേഷമാണ് കമാൽ താഴെ ഇറങ്ങിയത്.